രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി; ജമ്മു കശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം

രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി; ജമ്മു കശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം

ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയതോടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷ
Updated on
1 min read

ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഖനി മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് നോണ്‍-ഫോസ്ഫറസ് ലോഹമായ ലിഥിയം. ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയതോടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷ.

ലിഥിയം. സ്വര്‍ണം എന്നിവയുള്‍പ്പെടുന്ന 51 ബ്ലോക്കുകള്‍ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. 51 ബ്ലോക്കുകളില്‍ 5 എണ്ണം സ്വര്‍ണവും മറ്റ് ബ്ലോക്കുകള്‍ ഒലിബ്ഡിയം, പെട്ടാഷ്, തുടങ്ങിയ മറ്റ് അടിസ്ഥാന ലോഹങ്ങളുടേതുമാണ്. ഈ 51 ധാതു നിക്ഷേപങ്ങളും ജമ്മുകശ്മീര്‍, ആന്ധ്ര പ്രദേശ്, ഛത്തിസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡിഷ, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ 11 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. സ്വര്‍ണം, ലിഥിയം അടക്കമുള്ള 51 ലോഹ-ധാതു നിക്ഷേപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്.

2018-19 മുതല്‍ ഇന്നുവരെ ജിഎസ്‌ഐ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ധാതു നിക്ഷേപങ്ങള്‍ ഏതെല്ലാമെന്ന് തയ്യാറാക്കിയത്. ഇത് കൂടാതെ, 7897 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയുടെയും ലിഗ്നൈറ്റിന്റെയും ശേഖരത്തെ കുറിച്ചുള്ള 17 റിപ്പോര്‍ട്ടുകളും കല്‍ക്കരി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

നിലവില്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് എന്നിവയുൾപ്പെടെയുള്ള ധാതുക്കളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഇലക്ട്രിക് വാഹനങ്ങളിലും മൊബൈല്‍ ഫോണുകളിലും സോളാര്‍ പാനലുകളിലുമെല്ലാം ലിഥിയത്തിന്റെ ഉപയോഗം വന്‍ തോതിലുള്ളതിനാല്‍ പുതിയ ധാതു ശേഖരം കണ്ടെത്തിയത് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കെത്തിക്കും.

logo
The Fourth
www.thefourthnews.in