ലൈവ് സ്ട്രീമിങ് തുടങ്ങി;
സുപ്രീം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കും കാണാം, ചരിത്രത്തില്‍ ആദ്യം

ലൈവ് സ്ട്രീമിങ് തുടങ്ങി; സുപ്രീം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കും കാണാം, ചരിത്രത്തില്‍ ആദ്യം

ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചിന് മുന്‍പാകെയുള്ള നടപടികളാണ് പൊതുജനങ്ങള്‍ക്കും ദൃശ്യമാകുക
Updated on
1 min read

ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചിന് മുന്‍പാകെയുള്ള നടപടികളാണ് ഇന്ന് തത്സമയം പൊതുജനങ്ങള്‍ക്കും കാണാന്‍ അവസരമൊരുങ്ങുന്നത്. ജസ്റ്റിസ് രമണയുടെ അവസാന പ്രവര്‍ത്തി ദിവസത്തെ നടപടികള്‍ https://webcast.gov.in/events/MTc5Mg-- എന്ന ലിങ്കില്‍ രാവിലെ പത്തര മുതല്‍ ലൈവ് സ്ട്രീമിങ് ലഭ്യമാകും. സുപ്രീം കോടതി നടപടിക്രമങ്ങളുടെ തത്സമയ സ്ട്രീമിംഗിന് തത്വത്തില്‍ അനുമതി നല്‍കിയ 2018ലെ വിധിക്കുശേഷം ആദ്യമായാണ് ഇത്.

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് അവസാന പ്രവര്‍ത്തിദിനം നിയുക്ത ചീഫ് ജസ്റ്റിസിനൊപ്പം ബെഞ്ച് പങ്കിടുന്നതാണ് കീഴ്‌വഴക്കം. അതനുസരിച്ച് ജസ്റ്റിസ് രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് ഇന്ന് വെബ് സ്ട്രീം ചെയ്യുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന് ബാര്‍ അംഗങ്ങള്‍ യാത്രയയപ്പും നല്‍കും.

പ്രത്യേക പ്ലാറ്റ്‌ഫോം വഴി ലൈവ് സ്ട്രീമിങ്ങിനുള്ള നടപടികള്‍ ഈമാസം ആദ്യം തന്നെ തുടക്കമിട്ടിരുന്നു. സുപ്രീംകോടതി ഇ-കമ്മിറ്റിയാണ് സ്വതന്ത്ര പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്. ഭാവിയില്‍ ഇത് ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും കൂടി ഉപയോഗിക്കാനാകും. നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. അടച്ചിട്ട കോടതികളിലെ കേസുകള്‍, ബലാത്സംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ ഒഴികെയുള്ള വിചാരണ നടപടികള്‍ തത്സമയം പൊതുജനങ്ങള്‍ക്ക് കൂടി കാണാനാകുന്ന തരത്തിലാണ് സംവിധാനം.

2018ല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ലൈവ് സ്ട്രീമിങ്ങിനെ അനുകൂലിച്ച് ഉത്തരവിട്ടത്. കേസുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഹര്‍ജിക്കാര്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, നിയമ വിദ്യാര്‍ഥി സ്വപ്‌നില്‍ ത്രിപാഠി എന്നിവരാണ് ആദ്യമായി ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നടപടികള്‍ തത്സമയം കാണിക്കാമെന്ന നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ പിന്തുണച്ചു. തുടര്‍ന്ന് 2018 സെപ്റ്റംബറില്‍, ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകള്‍ തത്സമയം കാണിക്കാമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു സുപ്രധാന ഉത്തരവ്.

logo
The Fourth
www.thefourthnews.in