പ്രധാനമന്ത്രി മറുപടി പറയണം; രണ്ടാം ദിവസവും മണിപ്പൂരിനെ ചൊല്ലി പാർലമെന്റ് പ്രക്ഷുബ്ധം
മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി മറുപടി പറയണമെന്ന നിലപാടിലുറച്ചാണ് പ്രതിപക്ഷം.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നിയിക്കുന്ന വിഷയങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നായിരുന്നു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ മണിപ്പൂരിലെ അക്രമവും മറ്റ് പ്രശ്‌നങ്ങളും സംബന്ധിച്ച് പാര്‍ട്ടികള്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യവും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ കത്തുകയാണെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും സഭയിലുണ്ടായിരുന്നു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നിയിക്കുന്ന വിഷയങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.
എന്നാല്‍ അന്തരാഷ്ട്ര വേദികളിലടക്കം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നും നമ്മുടെ പാര്‍ലമെന്റില്‍ മാത്രം ഇത് ചര്‍ച്ച ചെയ്യുന്നില്ലെന്ന് ശിവസേന എംപി ( ഉദ്ധവ് താക്കറെ വിഭാഗം) സഞ്ജയ് റൗട്ട് പ്രതികരിച്ചു. നിര്‍ഭയ കേസില്‍ അന്നത്തെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതികരിച്ച ബിജെപി സര്‍ക്കാര്‍ മണിപ്പൂര്‍ വിഷയത്തില്‍ എന്താണ് പ്രതികരിക്കാത്തതെന്നും സഞ്ജയ് റൗട്ട് ചോദിച്ചു.
വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും രംഗത്തെത്തി
വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും രംഗത്തെത്തി.
'പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്നത് നാണക്കേടുണ്ടാക്കിയെന്നും വിഷയം വളരെ ഗൗരവമേറിയതുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്'.
സംഭവത്തെ തുടര്‍ന്ന് അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മണിപ്പൂരില്‍ നടന്ന വിഷയം ഒരു സ്ത്രീക്കെതിരെയും നടക്കാന്‍ പാടില്ലാത്ത വിഷയമാണെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമെന്നും ബിജെപി എം പി ഹേമാമാലിനിയും പ്രതികരിച്ചു.