ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും നിർത്തിവച്ചു; അനുരഞ്ജനത്തിന് സർവകക്ഷിയോഗം വിളിച്ച് സ്പീക്കർ
അദാനി - രാഹുൽ ഗാന്ധി വിഷയങ്ങളിഷ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിഷേധം. തുടർച്ചയായ ആറാം ദിവസവും പാർലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ബഹളത്തെ തുടർന്ന് ചൊവ്വാഴ്ച സഭാ നടപടി തുടങ്ങി മിനുറ്റുകൾക്കകം രാജ്യസഭയും ലോക്സഭയും നിർത്തിവച്ചു. ഉച്ചയ്ക്ക് രണ്ടു വരെയാണ് ലോക്സഭയും രാജ്യ സഭയും പിരിഞ്ഞത്. പ്രശ്നപരിഹാരത്തിന് ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും സർവകക്ഷി യോഗം വിളിച്ചു. രാഹുൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
അദാനിവിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെയാണ് രാജ്യസഭ ബഹളമയമായത്. തുടർന്ന് നടപടികൾ രണ്ടു മണി വരെ നിർത്തിവച്ചു. രാഹുൽ ഗാന്ധി എവിടെ എന്ന് മുദ്രാവാക്യം ഉയർത്തിയാണ് ഭരണപക്ഷം പ്രതിഷേധിച്ചത്. അതേസമയം, അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്സഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചതോടെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉത്തരം കിട്ടാത്തത് വരെ ഞങ്ങൾ ഒരേ ആവശ്യം വീണ്ടും വീണ്ടും ഉന്നയിക്കും. യഥാർഥ പ്രശ്‌നത്തിൽനിന്ന് സർക്കാർ ഒളിച്ചോടുകയാണ്. നമ്മുടെ എംബസികൾ ആക്രമിക്കപ്പെടുന്നുവെങ്കിലും ഈ ആക്രമണങ്ങളെ അപലപിക്കാൻ അവർ ഒന്നും പറയുന്നില്ല. ഇവരാണ് മെഹുൽ ചോക്സിക്ക് സംരക്ഷണം നൽകിയത്. സദ് ഭരണമാണ് ലക്ഷ്യമെങ്കിൽ ചർച്ചകളിൽനിന്ന് ഒളിച്ചോടുന്നതെന്തിനെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
പാർലമെന്റ് പ്രവർത്തിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും സംയുക്ത പാർലമെന്ററി സമിതി വേണമെന്ന ആവശ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള വഴികൾ കണ്ടെത്തുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. കോൺഗ്രസ്, ഡിഎംകെ, ആർജെഡി, സിപിഐ എം, സിപിഐ, എൻസിപി, ജെഡിയു, എഎപി, ശിവസേന എന്നിവയുൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കൾ രാവിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ യോഗം ചേർന്നിരുന്നാണ് പ്രതിഷേധങ്ങൾക്ക് രൂപം നൽകിയത്.
മാർച്ച് 13 ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആരംഭിച്ചതിനുശേഷം പാർലമെന്റിന് കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. നിലവിലുള്ള സ്തംഭനാവസ്ഥ മറികടക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.