ലോക്‌സഭ തിരഞ്ഞെടുപ്പ്: എഎപി നാല്, കോണ്‍ഗ്രസ് മൂന്ന്; ഡല്‍ഹിയില്‍ സീറ്റ് ധാരണയിലെത്തി 'ഇന്ത്യ'

ലോക്‌സഭ തിരഞ്ഞെടുപ്പ്: എഎപി നാല്, കോണ്‍ഗ്രസ് മൂന്ന്; ഡല്‍ഹിയില്‍ സീറ്റ് ധാരണയിലെത്തി 'ഇന്ത്യ'

ഉത്തർപ്രദേശിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ് സമാജ്‌വാദി പാർട്ടിയുമായി കഴിഞ്ഞദിവസം ധാരണയിലെത്തിയതിന് പിന്നാലെയാണ് ഡല്‍ഹിയിലെ സംഭവവികാസം
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ധാരണയിലെത്തിയതായി റിപ്പോർട്ട്. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ നാലിടത്ത് എഎപിയും മൂന്നിൽ കോണ്‍ഗ്രസും മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഉടനുണ്ടായേക്കും. ഇരുപാർട്ടികളിലേയും വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

"ഡല്‍ഹിയിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇരുപാർട്ടികളും ധാരണയിലെത്തി. ഏതൊക്കെ സീറ്റുകളിലായിരിക്കും ഇരു പാർട്ടികള്‍ മത്സരിക്കുകയെന്നത് വൈകാതെ പ്രഖ്യാപിക്കും," മുതിർന്ന എഎപി നേതാവ് പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശിലെ 80 സീറ്റുകൾ സംബന്ധിച്ച് കോണ്‍ഗ്രസ് സമാജ്‌വാദി പാർട്ടിയുമായി കഴിഞ്ഞ ദിവസം ധാരണയിലെത്തിയതിന് പിന്നാലെയാണ് ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍. എസ് പി 63 സീറ്റിലും കോൺഗ്രസ് പതിനേഴിടത്തുമാണ് യു പിയിൽ മത്സരിക്കുക.

ഡല്‍ഹിയിലെ മഞ്ഞുരുക്കം പഞ്ചാബില്‍ പ്രതിഫലിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പഞ്ചാബിലുള്ള 13 ലോക്‌സഭാ സീറ്റുകളില്‍ എഎപി ഒറ്റയ്ക്ക്തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: എഎപി നാല്, കോണ്‍ഗ്രസ് മൂന്ന്; ഡല്‍ഹിയില്‍ സീറ്റ് ധാരണയിലെത്തി 'ഇന്ത്യ'
കർഷകസമരം: പോസ്റ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്സ്

പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് സർക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചുകൊണ്ടുമായിരുന്നു പ്രഖ്യാപനം. മുന്‍ സർക്കാർ എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോയെന്ന് ഓർക്കാന്‍ പോലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞത്. ഛണ്ഡീഗഡിലെ ഏക ലോക്‌സഭാ സീറ്റിലും സ്ഥാനാർഥിയെ മത്സരിപ്പിക്കാന്‍ എഎപി പദ്ധതിയുണ്ടെന്നും കേജ്രിവാള്‍ വ്യക്തമാക്കി.

പഞ്ചാബില്‍ എഎപിക്കും കോണ്‍ഗ്രസിനും സമവായത്തിലെത്താനാകാത്തത് ഇന്ത്യ സഖ്യത്തിലും വിള്ളലുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. എഎപിയുമായി സഖ്യം രൂപീകരിക്കുകയെന്നത് സാധ്യമല്ലെന്ന് പഞ്ചാബിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in