ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം; പാർട്ടിക്കടിഞ്ഞാൺ വീണ്ടും യെദ്യൂരപ്പയുടെ കുടുംബത്തിലേക്ക്
ബി എസ് യെദ്യൂരപ്പയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയത് മുതൽ ബിജെപിക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയതോടെയാണ് ദേശീയ നേതൃത്വത്തിന്റെ കണ്ണ് തുറന്നത്. പാർട്ടിയുടെ പ്രതാപം തിരിച്ചു പിടിക്കാൻ ഒരിക്കൽ കൂടിയവർ യെദ്യൂരപ്പയെ ആശ്രയിക്കുകയാണ്, മകൻ ബി വൈ വിജയേന്ദ്രക്ക് കർണാടക ബിജെപി അധ്യക്ഷ പദവി നൽകി കൊണ്ട് .
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടാണ് സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അവഗണിച്ചും ബിജെപി ദേശീയ നേതൃത്വം വിജയേന്ദ്രയെ പാർട്ടി അധ്യക്ഷന്റെ കസേരയിൽ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചത്.
2018 ലെ ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാരിനെ മറിച്ചിട്ട് അധികാരം പിടിച്ചെടുത്ത ബിജെപി അന്ന് ബി എസ് യെദ്യൂരപ്പയെ ആയിരുന്നു മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയത്. എന്നാൽ കേവലം രണ്ടു വർഷക്കാലമാണ് യെദ്യൂരപ്പക്ക് അധികാരക്കസേരയിൽ തുടരാനായത്. പ്രായപരിധി ചൂണ്ടിക്കാട്ടി നേതൃമാറ്റം നടപ്പിലാക്കാക്കി 2021ൽ യെദ്യൂരപ്പയെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച യെദ്യൂരപ്പ പാർട്ടിയുടെ കർണാടക നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ
ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരിട്ട് ബെംഗളൂരുവിൽ പറന്നിറങ്ങിയാണ് യെദ്യൂരപ്പയെ ഇണക്കി കൂടെ കൂട്ടിയത്. യെദ്യൂരപ്പയുടെ മണ്ഡലം മകൻ ബി വൈ വിജയേന്ദ്രക്കു വിട്ടു നൽകുന്നതിൽ നളിൻ കുമാർ കാട്ടീൽ, സി ടി രവി ഉൾപ്പടെയുള്ള നേതാക്കൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ വിജയേന്ദ്രക്കു ശിക്കാരിപുരയിൽ ടിക്കറ്റുറപ്പ് നൽകിയായിരുന്നു അമിത് ഷാ മടങ്ങിയത് .
വിജയേന്ദ്രയെ സിദ്ധരാമയ്യക്കെതിരെ വരുണയിലിറക്കി തോൽപ്പിക്കാൻ കാട്ടീൽ പക്ഷം ചരട് വലി നടത്തിയെങ്കിലും മകൻ വരുണയിലല്ല ശിക്കാരിപുരയിൽ തന്നെ മത്സരിക്കുമെന്ന നിലപാടിൽ നിന്ന് യെദ്യൂരപ്പ പുറകോട്ടു പോയില്ല. 2018ൽ വരുണയിൽ സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രക്കെതിരെ മത്സരിക്കാൻ ഇറങ്ങിയ വിജയേന്ദ്രയുടെ സ്ഥാനാർത്ഥിത്വം ദേശീയ നേതൃത്വം റദ്ദ് ചെയ്യുകയായിരുന്നു.
മകന്റെ ടിക്കറ്റ് ഉറപ്പാക്കിയ ശേഷമായിരുന്നു യെദ്യൂരപ്പ തിരഞ്ഞെടുപ്പ് പ്രചാരണ കളത്തിൽ ഇറങ്ങാൻ തന്നെ കൂട്ടാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യെദ്യൂരപ്പയുടെ സാന്നിധ്യം ഉറപ്പാക്കാൻ ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് സമിതിക്ക് നിർദേശം നൽകിയിരുന്നു. വേദിയിൽ ദേശീയ നേതാക്കളെക്കാളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയേക്കാളും കയ്യടി കിട്ടിയത് യെദ്യൂരപ്പയുടെ സാന്നിധ്യത്തിനായിരുന്നു. പ്രമുഖ ലിംഗായത് നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ സീറ്റ് നിഷേധത്തെ തുടർന്ന് പാർട്ടി വിട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ യെദ്യൂരപ്പയായിരുന്നു പാർട്ടിയുടെ തുറുപ്പു ചീട്ട്. യെദ്യൂരപ്പയെ മുഖ്യമന്ത്രി പദവിയിൽ നിന്ന് മാറ്റിയതും ജഗദീഷ് ഷെട്ടാറിനും മറ്റൊരു ലിംഗായത്ത് നേതാവായ ലക്ഷ്മൺ സവദിക്കും ടിക്കറ്റ് നിഷേധിച്ചതും കോൺഗ്രസ് പ്രചാരണ വിഷയമാക്കിയതോടെ ലിംഗായത്ത് വോട്ടുകൾ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കൊഴുകി.
ദക്ഷിണേന്ത്യയിൽ അധികാരമുണ്ടായിരുന്ന ഏറ്റവും വലിയ സംസ്ഥാനം കൈവിട്ടതോടെ ബിജെപി കടുത്ത പ്രതിസന്ധിയിലായി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുൻപ് പടികടന്നെത്തുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കർണാടകയിൽ നിർണായകമാണ് ബിജെപിക്ക്. 2019ൽ 25 സീറ്റുകളാണ് സംസ്ഥാനത്തു നിന്ന് ലഭിച്ചത്. ഇത്തവണ സ്ഥിതി പരിതാപകരമാണ്. പാർട്ടിയിൽ നിന്ന് അകന്നു മാറിയ ലിംഗായത്ത് വോട്ടു ബാങ്ക് തിരികെ പിടിച്ചില്ലെങ്കിൽ കർണാടകയിൽ നിന്ന് ഒറ്റ സീറ്റു പോലും ജെ പി നദ്ദക്കും കൂട്ടർക്കും സ്വപ്നം കാണാൻ കിട്ടില്ല എന്നുറപ്പാണ്. ഇത് മുന്നിൽ കണ്ടാണ് ഒരിക്കൽ കൂടി യെദ്യൂരപ്പയെ ആശ്രയിക്കാനുള്ള തീരുമാനം കുത്തിയിരുന്ന് ആലോചിച്ചു ദേശീയ നേതൃത്വം എടുത്തത്. ബി വൈ വിജയേന്ദ്ര അധ്യക്ഷ പദവിയിൽ മോശം പ്രകടനം നടത്തിയെന്ന് പറയിപ്പിക്കരുതല്ലോ, യെദ്യൂരപ്പ തന്നെ മുന്നിൽ നിന്ന് നയിച്ചു വേണ്ട സീറ്റുകൾ ഒപ്പിക്കുമെന്നാണ് ദേശീയ നേതൃത്വം കണക്കു കൂട്ടുന്നത്.
പാർട്ടിയുടെ കടിഞ്ഞാൺ ലിംഗായത് സമുദായക്കാരന് നൽകിയ സ്ഥിതിക്ക് ദേശീയ നേതൃത്വം ഇനി ഒരു ഒബിസി സമുദായക്കാരനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് ശ്രുതി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു ആറുമാസമായിട്ടും ഉള്‍പാർട്ടി പോര് കാരണം പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനാവാതെ വലയുകയാണ് ബിജെപി.