ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളിലെ വനിതാ പ്രാതിനിധ്യം മൂന്നിലൊന്നെങ്കിലുമെത്താൻ ഇനിയും കടമ്പകളേറെ
ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം മൂന്നിലൊന്നിലെത്താൻ ഒരുപാട് ദൂരമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ. 1957ൽ 45 വനിതാ സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നതെങ്കിൽ 2019 ൽ 726 ആയി വർധിച്ചിട്ടുണ്ട്. 16 മടങ്ങ് വർധന.
1957ൽ മൊത്തം സ്ഥാനാർഥികളിൽ 2.9 ശതമാനമായിരുന്നു വനിതകൾ. 2019 ആയപ്പോഴേക്കും അത് ഒൻപത് ശതമാനം മാത്രമായാണ് വർധിച്ചത്. പാർലമെന്റിലെ ലെ സ്ത്രീകളുടെ പ്രാതിനിധ്യം 1957-ൽ 4.5 ശതമാനമായിരുന്നത് 2019-ൽ 14.4 ശതമാനമായി ഉയർന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന 1952ലെ ലിംഗാടിസ്ഥാനത്തിലുള്ള കണക്കുകൾ ലഭ്യമല്ല. കണക്കുകൾ ലഭ്യമായ 1957 മുതല്‍ ഒരിക്കലും 1000 വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഘട്ടം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതേസമയം പുരുഷന്മാരുടെ എണ്ണം 1957ലെ 1474 എന്നതിൽനിന്ന് 2019 ആകുമ്പോഴേക്ക് 7322 എന്ന നിലയിലേക്കാണ് വർധിച്ചത്.
കേരളത്തില്‍ 1.34 കോടി പുരുഷ വോട്ടർമാരും 1.43 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. വോട്ടർ പട്ടികയിലെ സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും സ്ഥാനാർഥി പട്ടികയിലേക്കെത്തുമ്പോൾ തുലോം തുച്ഛമാണ്
രാഷ്ട്രീയ പാർട്ടികൾ വനിതാ സ്ഥാനാർത്ഥികൾക്ക് അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ അനുവദിക്കാറില്ലെന്ന ആക്ഷേപത്തെ അടിവരയിടുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറ്റൊരു കണക്ക്. 1957ൽ മത്സരിച്ച 45 സ്ത്രീകളിൽ 22 പേർ വിജയിച്ചിരുന്നു. 48.88 ശതമാനമായിരുന്നു അന്നത്തെ വിജയ ശതമാനം. എന്നാൽ 2019 എത്തുമ്പോഴേക്ക് അതിന് വലിയ ഇടിവ് സംഭവിച്ച് 10.74 ശതമാനം എന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 726 സ്ത്രീകൾ മത്സരിച്ചെങ്കിലും 78 പേർ മാത്രമാണ് ജയിച്ചത്.
കേരളത്തിലെ കണക്കുകൾ
സ്ത്രീശാക്തീകരണത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളമെന്ന് പറയാറുണ്ടെങ്കിലും തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ അത് വെറുമൊരു പറച്ചിലായി ഒതുങ്ങുകയാണ് പതിവ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 1.34 കോടി പുരുഷ വോട്ടർമാരും 1.43 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. വോട്ടർ പട്ടികയിലെ സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും സ്ഥാനാർഥി പട്ടികയിലേക്കെത്തുമ്പോൾ തുലോം തുച്ഛമാണ്.
ഇത്തവണ 20 ലോക്സഭാ മണ്ഡലങ്ങളിലായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്നിങ്ങനെ മൂന്ന് പ്രധാന രാഷ്ട്രീയ മുന്നണികളും കൂടി നിർത്തിയിരിക്കുന്നത് ഒൻപത് പേരെയാണ്. എൻഡിഎ- അഞ്ച്, എൽഡിഎഫ് -മൂന്ന്, യുഡിഎഫ് -ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ.
എൽഡിഎഫിൽ കെകെ ശൈലജ-വടകര, കെജെ ഷൈൻ-എറണാകുളം (സിപിഎം), ആനിരാജ-വയനാട് (സിപിഐ), യുഡിഎഫിൽ രമ്യഹരിദാസ്-ആലത്തൂർ (കോൺഗ്രസ്), എൻഡിഎയിൽ എംഎൽ അശ്വിനി- കാസർഗോഡ്, നിവേദിത സുബ്രഹ്മണ്യൻ-പൊന്നാനി, ടിഎൻ സരസു-ആലത്തൂർ, ശോഭ സുരേന്ദ്രൻ-ആലപ്പുഴ (ബിജെപി), സംഗീത വിശ്വനാഥൻ-ഇടുക്കി (ബിഡിജെഎസ്) എന്നിവരാണ് സ്ഥാനാർഥികൾ.
1952 മുതൽ 2019 വരെയുള്ള 67 വർഷത്തിനിടെ കേരളത്തിൽനിന്നുണ്ടായത് ഒൻപത് വനിതാ എംപിമാർ മാത്രം. ആനി മസ്ക്രീൻ (തിരുവനന്തപുരം), സുശീല ഗോപാലന്‍ (അമ്പലപ്പുഴ, ആലപ്പുഴ, ചിറയിന്‍കീഴ്), ഭാര്‍ഗവി തങ്കപ്പന്‍ (അടൂർ), സാവിത്രി ലക്ഷ്മണന്‍ (മുകുന്ദപുരം), എ കെ പ്രേമജം (വടകര), അഡ്വ പി. സതീദേവി (വടകര), സിഎസ് സുജാത (മാവേലിക്കര), പി കെ ശ്രീമതി (കണ്ണൂർ), രമ്യ ഹരിദാസ് (ആലത്തൂർ) എന്നിവരാണ് അവർ. സുശീല ഗോപാലൻ മൂന്നു തവണയും സാവിത്രി ലക്ഷ്മണനും എ കെ പ്രേമജവും രണ്ടു തവണയും തിരഞ്ഞെടുക്കപ്പെട്ടു.
സ്ത്രീ-പുരുഷ സ്ഥാനാർത്ഥികളുടെ എണ്ണം തമ്മിലുള്ള വലിയ അന്തരം, സ്ത്രീകൾക്ക് മത്സരിക്കാനുള്ള അവസരങ്ങൾ വളരെ കുറവാണെന്ന വസ്തുതയെ സൂചിപ്പിക്കുന്നതാന്നെന്ന് വിദഗ്ധർ പറയുന്നു. രാഷ്ട്രീയ പാർട്ടികൾ പൊതുവെ സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ടുള്ള സീറ്റുകൾ നൽകുന്നതെന്ന് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യൽ റിസർച്ച് ഡയറക്ടർ കൂടിയായ രഞ്ജന കുമാരി അഭിപ്രായപ്പെടുന്നത്. പലപ്പോഴും തുല്യമായൊരു ഇടമല്ല സ്ത്രീകൾക്ക് ലഭിക്കുന്നതെന്നും അവർ പറയുന്നു.