ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സുമലത; പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ല
ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നടിയും കർണാടക മാണ്ടിയയില്‍ നിന്നുള്ള സ്വതന്ത്ര ലോക്സഭാംഗവുമായ സുമലത. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വസതിയില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സുമലത പറഞ്ഞു. ബിജെപി ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വൈകാതെ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നിലപാട് പരസ്യമാക്കി അവര്‍ രംഗത്തെത്തിയത്. സുമലതയുമായി ചര്‍ച്ചകള്‍ നടന്നതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മാണ്ടിയയുടെ വികസനം ലക്ഷ്യംവച്ചാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ഭര്‍ത്താവ് അംബരീഷിന്റെ മണ്ണാണ് മാണ്ടിയയെന്നും സുമലത പറഞ്ഞു. 1998 ലും 2009 ലും ലോക്‌സഭാംഗമായിരുന്ന നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം എച്ച് അംബരീഷിന്റെ മരണത്തെ തുടര്‍ന്നായിരുന്നു സുമലത സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും മാണ്ടിയയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ സുമലത സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.
അംബരീഷ് ആരാധകരായ ഒരുപറ്റം കോണ്‍ഗ്രസുകാരും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപിയും മണ്ഡലത്തില്‍ സുമലതയ്ക്ക് അന്ന് പിന്തുണ പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ജെഡിഎസ് സ്ഥാനാര്‍ഥി ആയിരുന്ന എച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ അനായാസേന പരാജയപ്പെടുത്താന്‍ സുമലതയ്ക്ക് കഴിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നല്‍കിയ രഹസ്യ പിന്തുണയും തിരഞ്ഞെടുപ്പ് വിജയത്തില്‍ തുണച്ചു. കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പ്രചാരണ പരിപാടികള്‍ക്ക് എത്തിയതും സുമലതയ്ക്ക് ഗുണമായി.
കര്‍ണാടകയിലെ പ്രബല സമുദായമായ വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള ജെഡിഎസിന് മേല്‍ക്കോയ്മയുള്ള മൈസൂര്‍ കര്‍ണാടക മേഖലയുടെ ഭാഗമാണ് മാണ്ടിയ. ജെഡിഎസും കോണ്‍ഗ്രസുമല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ഇവിടെ നേട്ടമുണ്ടാക്കിയ ചരിത്രമില്ല. ഇവിടേക്കാണ് സുമലതയുടെ സഹായത്തോടെ സാന്നിധ്യമുറപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. വരുന്ന ഞായറാഴ്ച ബെംഗളൂരു - മൈസൂരു അതിവേഗ പാതയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമ്പോള്‍ സുമലത ബിജെപി ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 117 കിലോമീറ്റര്‍ നീളമുള്ള അതിവേഗ പാത മാണ്ടിയയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.