ബയറൺ ബിശ്വാസ്, അഭിഷേക് ബാനർജിയില്‍ നിന്ന് പതാക സ്വീകരിക്കുന്നു
ബയറൺ ബിശ്വാസ്, അഭിഷേക് ബാനർജിയില്‍ നിന്ന് പതാക സ്വീകരിക്കുന്നു

പശ്ചിമ ബംഗാളിലെ കോൺഗ്രസിന്റെ ഏക എംഎൽഎയും കൂറുമാറി; ബയറൺ ബിശ്വാസ് ഇനി തൃണമൂലിൽ

മുർഷിദാബാദ് ജില്ലയിലെ സാഗർദിഖി എംഎൽഎ ബയറൺ ബിശ്വാസാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്
Updated on
1 min read

പശ്ചിമ ബംഗാൾ നിയമസഭയിലെ കോൺഗ്രസിന്റെ ഏക പ്രതിനിധിയും കൂറുമാറി. മുർഷിദാബാദ് ജില്ലയിലെ സാഗർദിഖി എംഎൽഎ ബയറൺ ബിശ്വാസാണ് തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്ധിധ്യത്തിലായിരുന്നു മുൻ കോൺഗ്രസ് എംഎൽഎ തൃണമൂൽ അംഗത്വം സ്വീകരിച്ചത്.

സംസ്ഥാനത്ത് ബിജെപിക്കെതിരെ പോരാടാൻ തൃണമൂലിന് മാത്രമേ കഴിയൂവെന്ന് മനസിലായത് കൊണ്ടാണ് ബയറൺ ബിശ്വാസ് പാർട്ടിയിൽ അംഗത്വമെടുത്തതെന്ന് അഭിഷേക് ബാനർജി പറഞ്ഞു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ബയറൺ ബിശ്വാസ് വിജയിച്ചത്. 2011 മുതൽ തൃണമൂൽ ഭരിച്ചിരുന്ന സാഗർദിഖി സീറ്റിലായിരുന്നു ഭരണകക്ഷിയെ ഞെട്ടിച്ച് കൊണ്ടുള്ള ബയറൻറെ വിജയം. തൃണമൂൽ സ്ഥാനാർഥി ദേബാശിഷ് ബാനർജിയെ 22000 വോട്ടിനായിരുന്നു ബയറൺ വിശ്വാസ് പരാജയപ്പെടുത്തിയത്.

"സാഗർദിഖിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബയറൺ ബിശ്വാസ് ഞങ്ങളോടൊപ്പം ചേർന്നു. തൃണമൂൽ കോൺഗ്രസ് കുടുംബത്തിലേക്ക് പൂർണ മനസോടെ അദ്ദേഹത്തെ സ്വീകരിക്കുന്നു. ബിജെപിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിന്, നിങ്ങൾ ശരിയായ വേദി തിരഞ്ഞെടുത്തു. നമ്മൾ ഒരുമിച്ച് വിജയം നേടും!" തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

സാഗർദിഖിയിലെ ബയറൺ ബിശ്വാസിന്റെ വിജയം കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകിയിരുന്നു. 51 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് ഈ മണ്ഡലത്തിലുണ്ടാക്കിയ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് ബയറൻറെ കൂറുമാറ്റം.

logo
The Fourth
www.thefourthnews.in