'ഏകാന്തനായി ഇരുന്നു മടുത്തു'; എസ്ഡിഎഫിന്റെ ഏക എംഎല്‍എ ഭരണകക്ഷിയില്‍ ചേര്‍ന്നു, സിക്കിമില്‍ പ്രതിപക്ഷമില്ല
സിക്കിം നിയമസഭയില്‍ ഇനി പ്രതിപക്ഷമില്ല. പ്രതിപക്ഷത്തിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ഏക എംഎല്‍എ ടെന്‍സിങ് നോര്‍ബു ലാംത ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയില്‍ ചേര്‍ന്നു. ഇതോടെ, 32 അംഗ നിയമസഭയില്‍ 30 സീറ്റും എസ്‌കെഎമ്മിനായി. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച മുഖ്യമന്ത്രി പ്രേം സിങ് തമങ്ങും ഭാര്യ കൃഷ്ണകുമാരി റായിയും ഓരോ മണ്ഡലങ്ങള്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഒഴിവുവന്നത്. സോറെങ്-ചകുങ് മണ്ഡലമാണ് മുഖ്യമന്ത്രി തമങ് ഒഴിഞ്ഞത് നമച്ചി-സിങ്താങ് മണ്ഡലമാണ് കൃഷ്ണ കുമാരി ഒഴിഞ്ഞത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച നടത്തിയ പടയോട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി പന്‍ കുമാര്‍ ചാംലിങിന്റെ എസ്ഡിഎഫ് തകര്‍ന്നടിഞ്ഞിരുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ചാംലിങ് രണ്ടിടത്തും തോറ്റിരുന്നു. ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
23- ഷിയാരി മണ്ഡലത്തില്‍ നിന്നാണ് ടെന്‍സിങ് വിജയിച്ചെത്തിയത്. എസ്‌കെഎമ്മിന്റെ കുംഗ നിമ ചെപെച്ചയെ 1,256 വോട്ടിന് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ടെന്‍സിങ് പാര്‍ട്ടി മാറിയേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഭരണപക്ഷത്തിനൊപ്പം ചേരാന്‍ അദ്ദേഹം തീരുമാനിച്ചത്.
ടെന്‍സിങുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ഔദ്യോഗികമായി എസ്‌കെഎമ്മില്‍ ചേര്‍ന്നെന്നും മുഖ്യമന്ത്രി തമങ് വ്യക്തമാക്കി. സിക്കിം ജനത പ്രതിപക്ഷത്തെ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ അഞ്ചുവര്‍ഷമായി തമങ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ സംതൃപ്തരാണെന്നും ടെന്‍സിങ് പ്രതികരിച്ചു.
ആരാണ് ടെന്‍സിങ് നോര്‍ബു ലാംത?
എസ്‌കെഎമ്മില്‍ മറുകണ്ടം ചാടിയാണ് ടെന്‍സിങ് എസ്ഡിഎഫ് ക്യാമ്പിലെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ടെന്‍സിങിന്റെ പാര്‍ട്ടി മാറ്റം. മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ടെന്‍സിങ് എസ്‌കെഎം വിട്ടത്. പിന്നാലെ, എസ്ഡിഎഫില്‍ ചേര്‍ന്ന ടെന്‍സിങിനെ ഷയരി മണ്ഡലത്തില്‍ മത്സരിപ്പിക്കുകയായിരുന്നു. സിക്കിം സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേശകനായും ടെന്‍സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിണങ്ങിപ്പോയ ടെന്‍സിങ് അപ്രതീക്ഷിത വിജയം നേടിയതോടെ, അദ്ദേഹത്തെ തിരിച്ച് എസ്‌കെഎം പാളയത്തിലെത്തിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമം ആരംഭിച്ചിരുന്നു. ഉന്നത സ്ഥാനങ്ങളും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിമാറാന്‍ ടെന്‍സിങ് വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.
2019 നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്ഡിഎഫിന് ആകെയുണ്ടായിരുന്നത് ഒരൊറ്റ എംഎല്‍എയായിരുന്നു. മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് തന്നെയായിരുന്നു ഏക എസ്ഡിഎഫ് അംഗം. ആ തിരഞ്ഞെടുപ്പില്‍ എസ്ഡിഎഫ് 15 സീറ്റില്‍ വിജയിച്ചിരുന്നു. 17 സീറ്റ് നേടിയ എസ്‌കെഎം അധികാരത്തിലെത്തി. തുടര്‍ന്ന് 12 എസ്ഡിഎഫ് എംഎല്‍എമാര്‍ ബിജെപിയിലും രണ്ടുപേര്‍ എസ്‌കെഎമ്മിലും ചേരുകയായിരുന്നു.
1994 മുതല്‍ 2019-വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ചാംലിങുമായി തെറ്റിപ്പിരിഞ്ഞ നേതാക്കള്‍ ചേര്‍ന്ന് പ്രേം സിങിന്റെ നേതൃത്വത്തില്‍ 2013-ലാണ് എസ്‌കെഎം രൂപീകരിച്ചത്. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ വരവറിയിച്ച പാര്‍ട്ടി, പത്തു സീറ്റ് നേടി. പിന്നാലെ, സിക്കിം ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോട്ടമുള്ള പാര്‍ട്ടിയായി എസ്‌കെഎം വളരുകയായിരുന്നു.