ജസ്റ്റിസ് എന്‍ വി രമണ
ജസ്റ്റിസ് എന്‍ വി രമണ

'സാധാരണക്കാരന് നീതിന്യായ സംവിധാനങ്ങള്‍ അപ്രാപ്യമാണെന്ന് തുറന്നുപറഞ്ഞ ന്യായാധിപന്‍'; എന്‍ വി രമണ പടിയിറങ്ങുമ്പോള്‍

ജസ്റ്റിസ് രമണ പല സുപ്രധാന വിധികളിലൂടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തഃസത്ത ഉയര്‍ത്തിപിടിച്ചു
Updated on
4 min read

'ഇന്ത്യന്‍ ജനതയുടെ വലിയ ഒരു വിഭാഗത്തിനും രാജ്യത്തിന്റെ നീതി ന്യായ സംവിധാനങ്ങള്‍ അപ്രാപ്യമാണെന്ന് തുറന്നുപറഞ്ഞ ന്യായാധിപന്‍'. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്ന എന്‍ വി രമണയെ ഒറ്റ വാചകത്തില്‍ ഇപ്രകാരം വിശേഷിപ്പിക്കാം. നീതി നിര്‍വ്വഹണത്തില്‍ ജനപക്ഷം ചേര്‍ന്നായിരുന്നു ജസ്റ്റിസ് രമണയുടെ സഞ്ചാരം. ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസങ്ങളിലും അത് പ്രകടമായിരുന്നു. ബില്‍ക്കിസ് ബാനു, പിഎംഎല്‍എ നിയമം-ഇഡിയുടെ വിശാല അധികാരം എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നിര്‍ണായക ഇടപെടല്‍ നടത്തി. പെഗാസസ് കേസുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലെത്തിയതും ഇതേ ദിവസങ്ങളി‍ല്‍ തന്നെ. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തതും ജസ്റ്റിസ് രമണയായിരുന്നു.

ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികളെ വിട്ടയച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയയ്ക്കാനും, പിഎംഎല്‍എ നിയമവും ഇഡിയുടെ വിശാല അധികാരവും പരിശോധിച്ച കേസില്‍ വ്യവസ്ഥകള്‍ ശരിവച്ച മുന്‍ വിധിയിലെ രണ്ട് ഭാഗങ്ങള്‍ പുനഃപരിശോധിക്കാനും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. ഇത്തരത്തില്‍ പരമോന്നത നീതിന്യായ വ്യവസ്ഥയിലെ ന്യായാധിപനായിരുന്ന കാലം മുഴുവന്‍, ജസ്റ്റിസ് രമണ പല സുപ്രധാന വിധികളിലൂടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തഃസത്ത ഉയര്‍ത്തിപിടിച്ചു.

കര്‍ഷക കുടുംബത്തില്‍നിന്ന് ന്യായാധിപനിലേക്ക്

ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിൽ 1957 ഓഗസ്റ്റ് 27 നായിരുന്നു നുതലപ്പട്ടി വെങ്കട്ട രമണ എന്ന എന്‍വി രമണയുടെ ജനനം. തെലുങ്ക് ദിനപത്രമായ 'ഈനാടി'ൽ മാധ്യമ പ്രവർത്തകനായി കരിയര്‍ തുടങ്ങിയ രമണ 1983 ഫെബ്രുവരി പത്തിനാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. ഭരണഘടന വിഷയം, സേവന നിയമങ്ങൾ, അന്തർസംസ്ഥാന നദീതട നിയമങ്ങൾ എന്നിവയിലായിരുന്നു അഭിഭാഷക കാലത്ത് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹൈദരാബാദിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലർ, റെയിൽവേയുടെ സ്റ്റാൻഡിംഗ് കൗൺസില്‍ എന്നീ പദവികൾക്ക് പുറമെ ആന്ധ്രാപ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും സേവനമനുഷ്ഠിച്ചു.

2000 ജൂൺ 27ന് അദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2013 മാർച്ച് 10 മുതൽ മെയ് 20 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. അതേ വർഷം തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു. 2014ൽ സുപ്രീം കോടതി ജഡ്ജിയായി. 2021ൽ അദ്ദേഹം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും പരമോന്നത പദവിയിലേക്ക് ഉയർത്തപ്പെട്ടു.

ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പിൻഗാമിയായി, 48ാ-മത് ചീഫ് ജസ്റ്റിസായാണ് എൻ.വി രമണ ഇന്ത്യയുടെ പരമോന്നത കോടതിയുടെ തലപ്പത്തെത്തിയത്. വിദ്യാര്‍ഥിയായിരിക്കെ, അടിയന്തരാവസ്ഥ കാലത്തെ പൗരാവകാശ സമരങ്ങളില്‍ പങ്കെടുത്ത, അധഃസ്ഥിതര്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തന അനുഭവപരിചയമുള്ള ജസ്റ്റിസ് രമണ ഇന്ത്യന്‍ ജുഡീഷ്യറിയുടെ പരമോന്നത പദവിയിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. 2021 ഏപ്രില്‍ 24ന് ചുമതലയേല്‍ക്കുമ്പോള്‍ ഒരു മാറ്റം എല്ലാവരും പ്രതീക്ഷിച്ചു. കാരണം, മുന്‍ഗാമികളായിരുന്ന രണ്ട് ചീഫ് ജസ്റ്റിസുമാരുടെയും കാലം വിവാദങ്ങളാൽ സംഭവബഹുലമായിരുന്നു. ലൈംഗിക ആരോപണവും സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിലെ നിശ്ചലാവസ്ഥയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ ഹാഥ്റസ് ഗൂഢാലോചന കേസിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് എന്‍വി രമണയുടെ മുൻപിലെത്തി. കേസിൽ സർക്കാരിന്റെ കടുത്ത എതിർപ്പുകൾ അവഗണിച്ച്, മെച്ചപ്പെട്ട വൈദ്യസഹായത്തിനായി കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിര്‍ദേശിച്ചു. അന്നുമുതൽ അവസാന ദിനം വരെ 657 ഓളം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ബെഞ്ചുകളുടെ ഭാഗമാകുകയും 174 വിധികൾ പ്രസ്താവിക്കുകയും ചെയ്തു ജസ്റ്റിസ് രമണ.

ജസ്റ്റിസ് രമണയുടെ സുപ്രധാന വിധികൾ

രാജ്യം ഏറെ ചര്‍ച്ച ചെയ്ത നിര്‍ഭയ കേസിലെ പ്രതികളുടെ പിഴവു തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയത് രമണ ഉള്‍പ്പെട്ട ബെഞ്ചാണ്. ഇന്റര്‍നെറ്റ് സേവനം മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും, യുഎപിഎ കേസില്‍ വിചാരണ നീളുമ്പോള്‍ ജാമ്യം പരിഗണിക്കണമെന്ന് വിധിച്ചതും രമണ ഉള്‍പ്പെട്ട ബെഞ്ചാണ്. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും അദ്ദേഹം കൈക്കൊണ്ട നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു. പ്രശ്‌നം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുതെന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം.

സമകാലിക വിഷയങ്ങളില്‍ അദ്ദേഹം വ്യക്തമാക്കിയ പല നിലപാടുകളും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അതിനുള്ള വലിയ ഉദാഹരണമാണ് മാധ്യമ വിചാരണ ക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന 'മാധ്യമങ്ങള്‍ കങ്കാരുകോടതികളാകുന്നു ' . നിക്ഷിപ്ത അജണ്ടകളുള്ള ചര്‍ച്ചകള്‍ പരിചയ സമ്പന്നരായ ജഡ്ജിമാരെ പോലും സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും, ഇത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും മോദി സര്‍ക്കാരിനെതിരെ ശക്തമായ രീതിയിലാണ് രമണ പ്രതികരിച്ചത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന കാര്യം പലപ്പോഴും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. നിയമപ്രകാരം സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്നും, ജനങ്ങള്‍ക്ക് കോടതിയില്‍ എത്തേണ്ടി വരില്ലെന്നും, പൊതുതാല്‍പര്യ ഹര്‍ജികള്‍ ഉപദ്രവത്തിനുള്ള ഉപകരണമാകരുതെന്നും, പ്രധാനമന്ത്രിയടക്കമുള്ളവര്‍ സന്നിഹിതരായ വേദിയില്‍ അദ്ദേഹം പ്രസംഗിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീയ്ക്കും ഓഫീസുകളിൽ ജോലി ചെയ്യുന്ന ഭർത്താവിനും ഒരേ മൂല്യം

വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീയ്ക്കും ഓഫീസുകളിൽ ജോലി ചെയ്യുന്ന ഭർത്താവിനും ഒരേ മൂല്യമാണെന്ന് ജസ്റ്റിസുമാരായ എൻവി രമണ, സൂര്യ കാന്ത് എന്നിവരുടെ ബെഞ്ച് വിധിച്ചിരുന്നു. 2001ലെ 'ലതാ വാധ്വ' കേസിൽ സുപ്രീം കോടതിയുടെ സമാന പരാമർശം ഉണ്ടായിരുന്നു. ആ ആശയത്തെ ഉയർത്തി പിടിക്കുന്ന വിധിയായിരുന്നു രമണയുടെ ഭാഗത്ത് നിന്നുണ്ടായത്. വീട്ടമ്മമാർ വീട്ടിൽ ചെയ്യുന്ന സേവനത്തിന്റെ അടിസ്ഥാനത്തിൽ അവർക്കും ശമ്പളം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണം

2019 സെപ്റ്റംബർ 17-ന് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, എംപിമാർക്കും എംഎൽഎമാർക്കും എതിരെ ചുമത്തിയിട്ടുള്ള ക്രിമിനൽ കേസുകൾ എല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാർ ലിസ്റ്റ് ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. കൂടാതെ ഹൈക്കോടതി ഉത്തരവുകൾ കാരണം മുന്നോട്ടുപോകാത്ത കേസുകൾ പട്ടികപ്പെടുത്താനും നിർദ്ദേശം നൽകി.

ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ വധശിക്ഷ

ജസ്റ്റിസ് രമണ അടങ്ങിയ ആറംഗ ബെഞ്ചാണ് 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ ക്യൂറേറ്റീവ് പെറ്റിഷനും വധശിക്ഷ സ്റ്റേയും തള്ളിയത്. അതേ തുടർന്ന്, മാർച്ച് 20ന് പുലർച്ചെ 5.30ന് തിഹാർ ജയിലിൽ വെച്ച് നാല് പ്രതികളെയും തൂക്കിലേറ്റി.

കശ്മീർ ലോക്ക്ഡൗൺ/ ഇന്റെര്‍നെറ്റ് തടയല്‍

കശ്മീരില്‍ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് നിർത്തിവയ്ക്കാൻ കഴിയില്ലെന്ന രമണയുടെ വിധി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കശ്മീരിലെ ഇന്റർനെറ്റ് ഷട്ട്ഡൗണുമായി ബന്ധപ്പെട്ട 2019 ലെ അനുരാധ ബേസിൻ Vs യൂണിയൻ ഓഫ് ഇന്ത്യ കേസിലായിരുന്നു വിധി. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം പരാമർശിക്കുന്ന ഭരണഘടനയുടെ 19(1)(ജി) അനുച്ഛേദത്തെ ഉയർത്തിപിടിച്ചായിരുന്നു ജസ്റ്റിസുമാരായ എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ന്യായമായ പരാതി പ്രകടിപ്പിക്കുന്നതിനെയോ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിനെയോ അടിച്ചമർത്താൻ സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ ഏർപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ Vs സുഭാഷ് ചന്ദ്ര അഗർവാൾ, 2019

2019-ലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും സുഭാഷ് ചന്ദ്ര അഗർവാളും തമ്മിലുള്ള കേസിൽ, ചീഫ് ജസ്റ്റിസിന്റെ ഓഫീസും 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ജസ്റ്റിസ് രമണ ഉൾപ്പെടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അതിലൂടെയാണ് സുപ്രീം കോടതി ജഡ്ജിമാരും അവരുടെ സ്വത്തു വിവരങ്ങളും പൊതു മധ്യത്തിൽ ലഭ്യമാകുന്നത്.

നബാം റെബിയ Vs ഡെപ്യൂട്ടി സ്പീക്കർ കേസ്, 2016

2016ലെ നബാം റെബിയ Vs ഡെപ്യൂട്ടി സ്പീക്കർ കേസിൽ ജസ്റ്റിസ് രമണ അടക്കമുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഗവർണർക്ക് വിശാലമായ വിവേചനാധികാരങ്ങൾ ഇല്ലെന്നും ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കണം ഗവർണറുടെ പ്രവർത്തനമെന്നും വിധിയെഴുതി. നിയമസഭയിലെ സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ചുള്ള നിർണായക പരാമർശങ്ങളും ഈ വിധിയിലുണ്ടായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ രാജ്യത്താദ്യമായി പിരിച്ചുവിടപ്പെട്ട ഒരു സർക്കാരിനെ അരുണാചൽ പ്രദേശിൽ പുനഃസ്ഥാപിച്ചു.

വിരമിച്ചവര്‍ക്കും വിരമിക്കാന്‍ പോകുന്നവര്‍ക്കും രാജ്യത്ത് ഒരു വിലയുമില്ല

ന്യായാധിപ സ്ഥാനത്തുനിന്ന് വിരമിക്കാനിരിക്കെ ജസ്റ്റിസ് രമണ പറഞ്ഞ വാക്കുകളാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇത്തരമൊരു പ്രസ്താവന. തിരഞ്ഞെടുപ്പ് സൗജന്യങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപവത്കരിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധ സമിതിക്ക് നേതൃത്വം നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തുടര്‍ന്നാണ് വിരമിച്ചവര്‍ക്കും, വിരമിക്കാന്‍ പോകുന്നവര്‍ക്കും രാജ്യത്ത് ഒരു വിലയും ഇല്ലെന്ന് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടത്.

നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാത്ത വ്യക്തിത്വമാണ് രമണയുടേത്. അഭിപ്രായങ്ങള്‍ വെട്ടിതുറന്നു പറയുന്ന പ്രകൃതമായതിനാല്‍ തന്നെ വിവാദങ്ങളും അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. മാധ്യമങ്ങള്‍ കങ്കാരുകോടതികളാകുന്നു, എന്ന പ്രസ്താവനയാണ് ഏറെ പഴി കേട്ടത്. മറ്റു ചില ആരോപണങ്ങളും വിവാദങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. അമരാവതി നഗരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രമണക്കും, ബന്ധുക്കള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നതായിരുന്നു. എന്നാല്‍, പിന്നീട് ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു.

യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുകയും, ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തഃസത്ത ഉയര്‍ത്തിപിടിച്ചുകൊണ്ട് വിധി പ്രസ്താവിക്കുകയും ചെയ്ത ന്യായാധിപനെന്ന പേരുനേടിയാണ് ജസ്റ്റിസ് രമണ പടിയിറങ്ങുന്നത്.

logo
The Fourth
www.thefourthnews.in