തിരുമല തിരുപ്പതി ദേവസ്ഥാനം
തിരുമല തിരുപ്പതി ദേവസ്ഥാനം

ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രം! തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്തി 85,705 കോടി രൂപ

രാജ്യത്തെ വിവിധ ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപവും ഏകദേശം 14 ടൺ സ്വർണ ശേഖരവുമുണ്ട്
Updated on
1 min read

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമെന്ന ഖ്യാതിയുള്ള ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം ഒടുവില്‍ ആസ്തി വെളിപ്പെടുത്തി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) രാജ്യമാകെ 85,705 കോടി രൂപയുടെ ആസ്തിയാണുള്ളത്. ക്ഷേത്ര ട്രസ്റ്റിന് കീഴിൽ രാജ്യത്തുടനീളം 7,123 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന 960 വസ്തുവകകളുടെ മൂല്യമാണ് ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി പുറത്തുവിട്ടത്. 1974നും 2014 നുമിടയിൽ മാറി മാറി വന്ന സർക്കാരുകൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടിടിഡി ട്രസ്റ്റിന്റെ 113 ഓളം സ്വത്തുക്കൾ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാൽ 2014ന് ശേഷം സ്വത്തുക്കളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സുബ്ബ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് മുൻ ടിടിഡി ട്രസ്റ്റ് ബോർഡ് എല്ലാ വർഷവും സ്വത്ത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷമാണ് ആദ്യ ധവളപത്രം പുറത്തിറക്കിയത്. രണ്ടാമത് പുറത്തിറക്കിയ ധവളപത്രത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലുള്ള എല്ലാ സ്വത്തുക്കളുടെ വിശദാംശവും മൂല്യവും ഉൾപ്പെടുത്തിയെന്നും സുബ്ബ റെഡ്ഡി വ്യക്തമാക്കി.

നിലവിൽ സ്വത്തുക്കൾ സംബന്ധിച്ചുള്ള വിവരങ്ങൾ ടിടിഡി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതേസമയം ഭക്തർക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് സുതാര്യമായ ഭരണം നൽകുമെന്നും ക്ഷേത്ര ട്രസ്റ്റിന്റെ സ്വത്തുക്കൾ സംരക്ഷിക്കുമെന്നും സുബ്ബ റെഡ്ഡി കൂട്ടിച്ചേർത്തു.

രാജ്യത്തെ വിവിധ ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപവും ഏകദേശം 14 ടൺ സ്വർണ ശേഖരവുമുള്ള ടിടിഡി, ലോകത്തിലെ ഏറ്റവും സമ്പന്ന ഹിന്ദു ക്ഷേത്ര സ്ഥാപനമായിട്ടാണ് അറിയപ്പെടുന്നത്.

logo
The Fourth
www.thefourthnews.in