ഡല്‍ഹിയിലെ യുവതിയുടെ കൊലപാതകം: ട്വിറ്ററില്‍ മുസ്ലീം വിരുദ്ധ പ്രചാരണം
ഡല്‍ഹിയില്‍ കാമുകനാൽ കൊല്ലപ്പെട്ട 26 കാരിയായ യുവതി ലൗ ജിഹാദിൻ്റെ ഇരയാണെന്ന് ആരോപിച്ച് ട്വിറ്ററില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം. ശ്രദ്ധ എന്ന ഇരുപത്തിയാറുകാരിയെ കാമുകനായ അഫ്താബ് അമീന്‍ മെയ് 18ന് കൊലപ്പെടുത്തുകയും പിന്നീട് ശരീരം 35 കഷ്ണങ്ങളാക്കി ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 6 മാസത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് അഫ്താബ് അമീന്‍ അറസ്റ്റിലാകുന്നത്. അഫ്താബുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശ്രദ്ധ ശ്രമിച്ചിരുന്നതായി ഒരു വിഭാഗം സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് വിദ്വേഷ പ്രചാരണം. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്നതാണ് ശ്രദ്ധയുടെ കൊലപാതകമെന്ന പ്രചാരണമാണ് വർഗീയ സ്വഭാവമുള്ള ട്വീറ്റുകളിലുള്ളത്.
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫ്താബ് അമീന്‍ മുസ്ലീമാണെന്നും ഇത് ഒരിക്കലും അവസാനത്തേത് ആകില്ല എന്നാണ് ഒരു ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചത്. മറ്റുള്ള ശ്രദ്ധമാരെ അഫ്താബില്‍ നിന്ന് രക്ഷിക്കൂ എന്നാണ് മറ്റൊരു ട്വീറ്റ്.
ശ്രദ്ധയുടെ കഴുത്തിലും നെഞ്ചിലും മൂക്കിലുമായി നിരവധി മുറിവുകള്‍ പലപ്പോഴായി സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു
മുബൈ സ്വദേശിയായ ശ്രദ്ധയുടെ കൊലപാതകം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. അഫ്താബ് അമീന്‍ ശ്രദ്ധയെ മാനസികമായും ശാരീരികമായും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും ഒരുപാട് തവണ ആ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രദ്ധയുടെ സുഹൃത്തുക്കള്‍ പറയുന്നു. 2019 മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ബോംബെയിലെ ഒരു കമ്പനിയില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ശ്രദ്ധ ഡേറ്റിങ് ആപ്പിലൂടെയാണ് അഫ്താബിനെ പരിചയപ്പെടുന്നത്.
ശ്രദ്ധയുടെ കഴുത്തിലും നെഞ്ചിലും മൂക്കിലുമായി നിരവധി മുറിവുകള്‍ പലപ്പോഴായി സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് ശ്രദ്ധ പല തവണ നല്‍കിയിരുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. അവസാനമായി പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോഴേക്കും ശ്രദ്ധയെ അഫ്താബ് വന്ന് ബോധ്യപ്പെടുത്തി അയാളുടെ കൂടെ കൂട്ടി കൊണ്ടു പോവുകയായിരുന്നെന്നാണ് അവര്‍ പറയുന്നത്.
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവന്‍ ശ്രദ്ധയെ കൂട്ടി കൊണ്ടുപോയത്. ബന്ധം ഉപേക്ഷിക്കാന്‍ പോകുകയാണെന്ന് പറയുമ്പോഴൊക്കെ ആത്മഹത്യ ഭീഷണി അഫ്താബിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് ശ്രദ്ധയുടെ വിവരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അഫ്താബുമായുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിനാല്‍ 2019 മുതല്‍ വീടുമായി വലിയ ബന്ധം ശ്രദ്ധ സൂക്ഷിച്ചിരുന്നില്ല. 2020ല്‍ അമ്മ മരിച്ചപ്പോഴാണ് ശ്രദ്ധ അവസാനമായി വീട്ടില്‍ പോകുന്നത്.