പേടിപ്പിക്കുന്ന കണക്കുകള്‍: പ്രണയത്തിന്റെ പേരില്‍ കൊല്ലും കൊലയും കൂടുന്നു
രാജ്യത്ത് പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും, ആക്രമണങ്ങളും വര്‍ധിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊലക്കേസുകള്‍ പരിശോധിച്ചാല്‍ പത്ത് കേസുകളില്‍ ഒന്ന് പ്രണയത്തിന്റെ പേരിലുള്ള ആക്രമണങ്ങളാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇതേ രീതിയിലാണ് കണക്കുകള്‍ എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പത്ത് കേസുകളില്‍ ഒന്ന് പ്രണയത്തിന്റെ പേരിലുള്ളതെന്ന് എൻസിആർബി റിപ്പോര്‍ട്ട്
കൊലപാതകങ്ങള്‍ മാത്രമല്ല, പ്രണയത്തിന്റെ പേരിലുള്ള അതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച 28000 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. പ്രണയത്തിന്റെ പേരില്‍ സ്വയം ജീവനൊടുക്കിയ 13,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പ്രണയ വഞ്ചന നേരിട്ടവരും, സ്നേഹിക്കപ്പെടുന്നില്ലെന്ന തോന്നലില്‍ ജീവനൊടുക്കിയവരും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ 31,677 ബലാത്സംഗ കേസുകളാണ് 2021ൽ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്
കേരളത്തില്‍ ഉള്‍പ്പെടെ പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് നിരന്തരം വാര്‍ത്തയാവുമ്പോളാഴാണ് എന്‍എസിആര്‍ബി കണക്കുകള്‍ ശ്രദ്ധേയമാവുന്നത്. പ്രണയത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്ക് എതിരായ മറ്റ് തരത്തിലുള്ള അക്രമങ്ങളും ഇന്ത്യയിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും എന്‍സിആര്‍ബി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് പ്രതിദിനം ശരാശരി 86 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍. ഇന്ത്യയില്‍ 31,677 ബലാത്സംഗ കേസുകളാണ് 2021ൽ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മണിക്കൂറില്‍ 49 കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്നുണ്ട്.