സിലിണ്ടറില്‍ തൊട്ടാല്‍ പൊള്ളും! ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത് 30 ശതമാനം, പൊറുതിമുട്ടി ജനം
പഴം-പച്ചക്കറികള്‍ തുടങ്ങി അവശ്യ സാധനങ്ങളുടെ വിലവര്‍ധനയില്‍ പൊറുതി മുട്ടുകയാണ് ജനങ്ങള്‍. തൊട്ടതിനെല്ലാം വിലക്കയറ്റം. ഇതിനിടെയാണ് അടിക്കടിയുള്ള പാചക വാതക വിലവര്‍ധന. സാധാരണ ജനതയുടെ ജീവിതദുരിതം ഇരട്ടിയാക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം?
ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് ഈ ആഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു വര്‍ഷത്തിനിടെയുള്ള മൊത്തം വര്‍ധനവ് 244 രൂപയായി. അതായത് 30 ശതമാനം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടറിന് 853 രൂപയാണ് വില നല്‍കേണ്ടത്. സബ്‌സിഡിയില്ലാത്ത, പദ്ധതിക്ക് പുറത്തുള്ളവര്‍ 1053 രൂപയും നല്‍കണം.
10,000 മുതല്‍ 15,000 രൂപ വരെ മാത്രം പ്രതിമാസ വരുമാനമുള്ള രാജ്യത്തെ ഒരു വലിയ വിഭാഗത്തെയാണ് വില വര്‍ധന ബാധിച്ചിരിക്കുന്നത്. പാചക വാതകത്തിനു മാത്രം വരുമാനത്തിന്റെ 10 ശതമാനമാണ് ഇവരുടെ ചെലവ്. മറ്റ് അവശ്യ സാധനങ്ങളുടെ വര്‍ധന കൂടിയാകുമ്പോള്‍ താളം തെറ്റുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് തവണയാണ് പാചക വാതക വില വര്‍ധിച്ചത്. ഫെബ്രുവരിയില്‍ റഷ്യ-യുക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യാന്തരതലത്തില്‍ എണ്ണയുടെയും വാതകത്തിന്റെയും വില കുതിച്ചുയര്‍ന്നു. പിന്നീട് ഇതുവരെ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വിലയില്‍ കുറവുണ്ടായിട്ടില്ല. ഇതിനിടയില്‍ വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചതു മാത്രമാണ് നേരിയ ആശ്വാസമെങ്കിലും പകരുന്നത്.
2021 ജൂലൈയില്‍ 834.50 രൂപയായിരുന്നു രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഗാര്‍ഹിക എല്‍പിജിയുടെ വില. ഓഗസ്റ്റില്‍ വില 859.50 രൂപയായും സെപ്റ്റംബറില്‍ 884.50 രൂപയായും വര്‍ധിപ്പിച്ചു. ഒക്ടോബര്‍ 6 ന് ഡല്‍ഹിയില്‍ 15 രൂപ വര്‍ധിപ്പിച്ച് 899.50 രൂപയാക്കി. 2022 മാര്‍ച്ച് വരെ പിന്നീട് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് മെയില്‍, അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിനിടയില്‍ ഗാര്‍ഹിക പാചകവാതക വില രണ്ടുതവണ വര്‍ധിപ്പിച്ചതോടെ എല്‍പിജി വില 1,003 രൂപയിലെത്തി. 2021 ജൂലൈ മുതല്‍ 2022 ജൂലൈ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഇക്കാലയളവിനിടയില്‍ എല്‍പിജി വിലയില്‍ 218.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഇന്ത്യയില്‍ ആഗോള ക്രൂഡ് ഓയില്‍ വിലയും കറന്‍സിയുടെ വിദേശ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് എണ്ണ വിപണന കമ്പനികള്‍ മാസംതോറും എല്‍പിജി നിരക്കുകള്‍ പരിഷ്‌കരിക്കുന്നു. ഇന്‍ഷുറന്‍സ്, കസ്റ്റംസ് നികുതി, തുറമുഖ നിരക്ക്, സമുദ്ര നികുതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഐപിപി ഫോര്‍മുലയെ അടിസ്ഥാനമാക്കിയാണ് പാചക വാതക വില നിശ്ചയിക്കുന്നത്. അതിനാല്‍ എല്‍പിജി വില നിശ്ചയിക്കുന്നതിന് ക്രൂഡ് ഓയില്‍ വില പ്രധാന ഘടകമാണ്. കൂടാതെ, ചരക്ക് ചെലവ്, എണ്ണ കമ്പനിയുടെ മാര്‍ജിനുകള്‍, ബോട്ടിലിംഗ് ചെലവുകള്‍, വിപണന ചെലവുകള്‍, ഡീലര്‍ കമ്മീഷനുകള്‍, ജിഎസ്ടി എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങളും എല്‍പിജി സിലിണ്ടറുകളുടെ വിലയെ ബാധിക്കുന്നുണ്ട്.
വിലക്കയറ്റം ഇന്ത്യയിലെ ജനങ്ങളുടെ ജീവിത ചിലവില്‍ പ്രതിമാസം അയ്യായിരം രൂപയുടേയെങ്കിലും വര്‍ദ്ധനയുണ്ടാക്കിയെന്നാണ് കണക്ക്. രാജ്യത്തെ തൊഴിലില്ലായ്മ ഏഴ് ശതമാനം വര്‍ധിച്ചെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന കണക്ക്. പ്രതിസന്ധികള്‍ക്കിടെ ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കൂട്ടിയതും സാധാരണക്കാരന് തിരിച്ചടിയായി. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഇടപെടാതെ കുടുംബ ബജറ്റുകള്‍ കൂടി തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന വിമര്‍ശനവും ശക്തമാണ്.