'സെബിയുടെ തലപ്പത്ത്, ഐസിഐസിഐ ബാങ്കില്‍ നിന്നും 16.8 കോടി ശമ്പളമായി കൈപ്പറ്റി'; മാധബി ബുച്ചിനെതിരെ കോണ്‍ഗ്രസ്

'സെബിയുടെ തലപ്പത്ത്, ഐസിഐസിഐ ബാങ്കില്‍ നിന്നും 16.8 കോടി ശമ്പളമായി കൈപ്പറ്റി'; മാധബി ബുച്ചിനെതിരെ കോണ്‍ഗ്രസ്

മാധബിയുടെ നിയമനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്താൻ തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
Updated on
1 min read

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. 2017ല്‍ സെബിയില്‍ അംഗമായതിന് ശേഷം സ്വകാര്യബാങ്കായ ഐസിഐസിഐയില്‍ നിന്നും ശമ്പളം വാങ്ങുന്നത് മാധബി തുടർന്നതായാണ് ആരോപണം. മാധബിയുടെ നിയമനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്താൻ തയാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് പവൻ ഖേര ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

"നിങ്ങള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ നിന്നുമാത്രമാണ് ശമ്പളം കൈപ്പറ്റുക. പക്ഷേ, സെബി ചെയർപേഴ്‌സണ് സെബിയുടെ ചുമതലയിലിരിക്കെ 2017 മുതല്‍ 2024 വരെ ഐസിഐസിഐ ബാങ്കില്‍ നിന്ന് സ്ഥിരമായി വരുമാനം ലഭിക്കുന്നുണ്ടായിരുന്നു. ഒരു റെഗുലേറ്ററി ബോഡിയുടെ തലപ്പെത്തിരിക്കുന്ന വ്യക്തിക്ക് മറ്റെവിടെ നിന്നോ വരുമാനം ലഭിക്കുന്നു. ഇത് സെബിയുടെ 54-ാം വകുപ്പിന്റെ ലംഘനമാണ്," പവൻ വ്യക്തമാക്കി.

2017 ഏപ്രില്‍ അഞ്ച് മുതല്‍ 2021 ഒക്ടോബർ നാലുവരെയാണ് മാധബി സെബിയുടെ മുഴുവൻ സമയഅംഗമായിരുന്നത്. 2022 മാർച്ചിലാണ് ചെയർപേഴ്‌സണ്‍ ചുമതലയിലേക്ക് എത്തുന്നത്.

'സെബിയുടെ തലപ്പത്ത്, ഐസിഐസിഐ ബാങ്കില്‍ നിന്നും 16.8 കോടി ശമ്പളമായി കൈപ്പറ്റി'; മാധബി ബുച്ചിനെതിരെ കോണ്‍ഗ്രസ്
'കുറ്റാരോപിതനെന്നല്ല, ശിക്ഷിക്കപ്പെട്ടാലും വീട് തകർക്കാനാവില്ല'; ബുള്‍ഡോസര്‍ രാജിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കാൻ സുപ്രീംകോടതി

സെബിയില്‍ അംഗമായതിന് ശേഷം ഇതുവരെ 16.8 കോടിരൂപയാണ് മാധബി കൈപ്പറ്റിയതായാണ് ആരോപണം. സെബിയില്‍ നിന്ന് സമാനകാലയളവില്‍ ലഭിച്ചത് 3.3 കോടി രൂപമാത്രമാണ്.

സെബി ചെയർപേഴ്‌സണെതിരായ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ കൊണ്‍ഗ്രസ് ജയ്റാം രമേശ് വിമർശനം ഉന്നയിച്ചു. മൗനത്തിലൂടെ സെബി ചെയർപേഴ്‌സണെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി ഇത്തരം സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

അടുത്തിടെയായിരുന്നു സെബി ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് അമേരിക്കന്‍ നിക്ഷേപ ​ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ധവൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്. സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമാണ് റിപ്പോർട്ട് ഉന്നയിക്കുന്നത്.

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്.

logo
The Fourth
www.thefourthnews.in