'ജീവനോടെ വിടാന്‍ ദയ കാണിച്ചു'; നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസില്‍ ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി

'ജീവനോടെ വിടാന്‍ ദയ കാണിച്ചു'; നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസില്‍ ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി

പ്രതിയുടെ ആജീവനാന്ത തടവ് ശിക്ഷ മധ്യപ്രദേശ് ഹൈക്കോടതി ഇളവ് ചെയ്തു
Updated on
1 min read

നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ പ്രതിയുടെ ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. 2007ൽ ഇൻഡോറിൽ നടന്ന സംഭവത്തിലാണ് പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ മധ്യപ്രദേശ് ഹൈക്കോടതി ഇളവ് ചെയ്തത്. പെൺകുട്ടിയെ ജീവനോടെ വിടാൻ പ്രതി ദയ കാണിച്ചത് കണക്കിലെടുത്താണ് ആജീവനാന്ത തടവ് 20 വർഷത്തെ ജയില്‍ ശിക്ഷയായി കുറച്ചത്.

കേസില്‍ 2007 മുതല്‍ അനുഭവിച്ചുവരുന്ന 15 വർഷത്തെ ജയിൽവാസം മതിയായ ശിക്ഷാ കാലയളവായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാംസിംഗ് കോടതിയെ സമീപിച്ചിരുന്നു. ഇൻഡോറിലെ അഡീഷണൽ സെഷൻസ് കോടതിയുടെ ജീവപര്യന്തം ശിക്ഷാ വിധിക്കെതിരെയാണ് രാംസിംഗ് ഹൈക്കോടതിയെ സമീപിച്ചത്.''ബലാത്സംഗം ക്രൂരമായ പ്രവര്‍ത്തിയാണെങ്കിലും , കുട്ടിയെ ജീവനോടെ വിടാന്‍ ദയവ് കാണിച്ചു'' എന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശിക്ഷയില്‍ ഇളവ് നല്‍കിയത്. ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കറിന്റെയും സത്യേന്ദ്ര കുമാറിന്റെയും ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കുറ്റവാളി യാതൊരു ഇളവും അർഹിക്കുന്നില്ലെന്നും , സാക്ഷി മൊഴികളും തെളിവുകളും മെഡിക്കൽ റിപ്പോർട്ടും കുറ്റം സംശയാതീതമായി തെളിയിക്കുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി വിധി.

2007ലാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡോറില്‍ പ്രതി താമസിച്ചിരുന്നതിന് സമീപമാണ് പെൺകുട്ടിയും കുടുംബവും ടെന്റ് കെട്ടി താമസിച്ച് വന്നിരുന്നത്. ഒരു രൂപ നൽകാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ തന്റെ ടെന്റിനുള്ളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടി എത്തിയ മുത്തശ്ശിയാണ് നാലുവയസുകാരി ചോരയൊലിപ്പിച്ച് നിലത്ത് കിടക്കുന്നത് ആദ്യം കണ്ടത്. പ്രതി രാംസിംഗ് അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. ഒളിവില്‍ പോയ പ്രതിയെ പോലീസ് പിന്നീട് പിടികൂടി.

logo
The Fourth
www.thefourthnews.in