പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: പ്രായപരിധി 18 ല്‍ നിന്ന് 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ല്‍ നിന്ന് 16 ആയി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മധ്യപ്രദേശ് ഹൈക്കോടതി. ബലാത്സംഗക്കേസുകളില്‍ ആണ്‍കുട്ടികള്‍ നേരിടുന്ന അനീതി പരിഹരിക്കാന്‍ ഇതു വഴി സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാളിന്റെ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇത്തരം കേസുകളില്‍ ആണ്‍കുട്ടികള്‍ എപ്പോഴും കുറ്റവാളികളല്ല
''സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന വിവരങ്ങളും ഇന്റര്‍നെറ്റുമൊക്കെ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പക്വതയുള്ളവരാക്കുന്നു. ഇത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരസ്പരം ആകര്‍ഷിക്കുകയും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കേസുകളില്‍ ആണ്‍കുട്ടികള്‍ എപ്പോഴും കുറ്റവാളികളല്ല. അവര്‍ സ്ത്രീകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് ഇത് പ്രശ്‌നമായി മാറുന്നത്''. കോടതി നിരീക്ഷിച്ചു.
ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ല്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയത് സമൂഹത്തിന്റെ ഘടനയെ ബാധിച്ചു
2013ല്‍ ക്രിമിനല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ല്‍ നിന്ന് 18 ആക്കിയത് സമൂഹത്തിന്റെ ഘടനയെ ബാധിച്ചു. ഇത് ആണ്‍കുട്ടികളെ സമൂഹത്തില്‍ കുറ്റവാളികളാക്കുന്നതിനും, അനീതി നേരിടുന്നതിനും കാരണമായെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.