'മൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ട്'; മുതുമല കടുവാ സങ്കേതത്തിലെ 495 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കോടതി ഉത്തരവ്
കേരളത്തിനോട് ചേർന്ന മുതുമല കടുവ സങ്കേതത്തിൽ താമസിക്കുന്ന 495 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഭയം കൂടാതെ ജീവിക്കാന്‍ മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫണ്ടിന് ദൗര്‍ലഭ്യമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും മാറ്റിപ്പാര്‍പ്പിക്കുന്ന ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്
തെങ്ങുമരഹദ ഗ്രാമത്തില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് നടപ്പാക്കി ഒക്ടോബര്‍ 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
20 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ 495 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്. നഷ്ടപരിഹാരത്തുകയായ 74.25 കോടി രൂപ ദേശീയ കടവ സംരക്ഷണ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കോംപന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
എല്ലാ ജീവി വര്‍ഗങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ''ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങള്‍ക്കും തുല്യമാണെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കുന്നുണ്ട്. ആ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. 2016 ലെ നിയമ പ്രകാരം നഷ്ടപരിഹാര വനവല്‍ക്കരണ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിങ് അതോറിറ്റി (കാംപ) ലഭ്യമായ ഫണ്ടുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ ആവശ്യത്തിനായി ഉപയോഗിക്കാം.
മുതമല കടുവാ സങ്കേതത്തിലെ തെങ്ങുമരഹദ ഗ്രാമത്തിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ 2022 ജൂണില്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ എന്‍ടിസിക്ക് മതിയായ ഫണ്ടില്ലെന്ന് പറഞ്ഞ് വിഷയം തീര്‍പ്പുകല്‍പ്പിക്കാതെ വന്നതോടെയാണ് ഫണ്ട് നല്‍കാനുള്ള ചുമതല കാംപയെ ഹൈക്കോടതി ഏല്‍പ്പിച്ചത്. എന്‍ടിസി രണ്ടു മാസത്തിനകം പണം തമിഴ്‌നാട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഫോറസ്റ്റ് കണ്‍സര്‍വേറ്റർക്കാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ചുമതല.