'രാമായണവും മഹാഭാരതവും സാങ്കല്‍പ്പികം'; വലതു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ പുറത്താക്കി കർണാടക സ്കൂള്‍

'രാമായണവും മഹാഭാരതവും സാങ്കല്‍പ്പികം'; വലതു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ പുറത്താക്കി കർണാടക സ്കൂള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും അധ്യാപികയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായതായും ആരോപണമുണ്ട്
Updated on
1 min read

കർണാടകയില്‍ മഹാഭാരതം, രാമായണം എന്നീ ഗ്രന്ഥങ്ങളെക്കുറിച്ച് അപകീർത്തിപരമായ പരമാർശങ്ങള്‍ ഉന്നയിച്ചെന്ന ആരോപണത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി. വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രമൈറി സ്കൂളിലെ അധ്യാപികയെ പുറത്താക്കി. മഹാഭരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാർഥികളോട് അധ്യാപിക പറഞ്ഞതായാണ് ബിജെപി എംഎല്‍എ വേദ്യാസ് കമ്മത്തിന്റെ പിന്തുണയുള്ള സംഘം അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും അധ്യാപികയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായതായും ആരോപണമുണ്ട്. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കവെ 2002 ഗോധ്ര കലാപവും ബില്‍ക്കിസ് ബാനൊ കൂട്ടബലാത്സംഗക്കേസും അധ്യാപിക പരാമർശിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടികളുടെ മനസില്‍ വിദ്വേഷം നിറയ്ക്കാനുള്ള ശ്രമമാണ് അധ്യാപിക നടത്തുന്നതെന്നും സസ്പെന്‍ഡ് ചെയ്യണമെന്നുമാണ് സംഘം ആവശ്യപ്പെട്ടത്.

'രാമായണവും മഹാഭാരതവും സാങ്കല്‍പ്പികം'; വലതു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ പുറത്താക്കി കർണാടക സ്കൂള്‍
കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതീക്ഷകള്‍ തകര്‍ത്ത് അശോക് ചവാന്‍; ബിജെപിയിൽ ചേർന്നു, കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കും

"ഇത്തരം അധ്യാപികമാരെ പിന്തുണയ്ക്കുന്നതിലൂടെ നിങ്ങളുടെ ധാർമികതയ്ക്ക് എന്ത് മൂല്യമാണുള്ളത്. നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. നിങ്ങളുടെ സിസ്റ്റർമാർ ഞങ്ങളുടെ കുട്ടികളോട് ബിന്ദി ധരിക്കരുതെന്നും പൂവ് ചൂടരുതെന്നും പറയുന്നു. രാമന് മുകളില്‍ പാലഭിഷേകം നടത്തുന്നതിനെ നിങ്ങള്‍ അപമാനിച്ചു. നിങ്ങളുടെ വിശ്വാസത്തെ ആരെങ്കിലും അപമാനിച്ചാല്‍ നിശബ്ദരായിരിക്കാന്‍ കഴിയുമോ," ബിജെപി എംഎല്‍എ ചോദിച്ചു.

ഏഴാം ക്ലാസിലെ വിദ്യാർഥികളെയാണ് രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് പഠിപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ഷന്‍സാണ് (ഡിഡിപിഐ) കേസ് അന്വേഷിക്കുന്നത്.

"60 വർഷത്തിന്റെ ചരിത്രം സെന്റ് ജെറോസ സ്കൂളിനുണ്ട്. ഇത്തരമൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഈ നിർഭാഗ്യകരമായ സംഭവം നിങ്ങള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസത്തെ ബാധിച്ചതായി മനസിലാക്കുന്നു. ഈ നടപടി വിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. വിദ്യാർഥികളുടെ നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം," അധ്യാപികയെ പുറത്താക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ സ്കൂള്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in