മാഞ്ചിയെ ചാടിക്കുമോ ആര്‍ജെഡി? നിതീഷിനെ വട്ടംകറക്കി അഞ്ച് എംഎല്‍എമാര്‍; ബിഹാറില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മാഞ്ചിയെ ചാടിക്കുമോ ആര്‍ജെഡി? നിതീഷിനെ വട്ടംകറക്കി അഞ്ച് എംഎല്‍എമാര്‍; ബിഹാറില്‍ തിരക്കിട്ട ചര്‍ച്ചകള്‍

നിതീഷ് കുമാര്‍ നടത്തിയ വിരുന്നില്‍ അഞ്ച് ജെഡിയു എംഎല്‍എമാര്‍ പങ്കെടുത്തില്ല
Updated on
1 min read

മഹാസഖ്യം ഉപേക്ഷിച്ച് എന്‍ഡിഎക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ, ബിഹാറില്‍ നിര്‍ണായക നീക്കങ്ങളുമായി ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍. ആര്‍ജെഡി എംഎല്‍എമാരെ തേജസ്വി യാദവിന്റെ വസതിയിലേക്ക് മാറ്റി. ജെഡിയു എംഎല്‍എമാരുടെ യോഗം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ചേരും. ഹൈദരാബാദിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിഹാറില്‍ തിരിച്ചെത്തും. ശനിയാഴ്ച നിതീഷ് കുമാര്‍ നടത്തിയ വിരുന്നില്‍ അഞ്ച് ജെഡിയു എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇവര്‍ ആര്‍ജെഡി നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന.

തേജസ്വി യാദവിന്റെ വസതിയിലും ഇന്നു വൈകുന്നേരം വിരുന്നു നടക്കുന്നുണ്ട്. ഈ വിരുന്നില്‍, ആര്‍ജെഡി എംഎല്‍എമാര്‍ക്ക് പുറമേ, ബിഹാറിലുള്ള കോണ്‍ഗ്രസ്, ഇടത്, സ്വതന്ത്ര എംഎല്‍എമാരും പങ്കെടുക്കും. കഴിഞ്ഞദിവസം സിപിഐ എംഎല്‍ എംഎല്‍എമാരുമായി തേജസ്വി യാദവ് ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ ഇന്നലെ മുതല്‍ തേജസ്വിയുടെ വസതിയില്‍ തങ്ങുകയാണ്. കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 16 പേരാണ് ഹൈദരാബാദിലുള്ളത്. ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഒഴിവാക്കാനാണ് ഫെബ്രുവരി നാലിന് ഇവരെ ഹൈദരാബാദിലെ റിസോര്‍ട്ടില്‍ എത്തിച്ചത്.

തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ആര്‍ജെഡി ശ്രമിക്കുകയാണെന്ന് കഴിഞ്ഞദിവസം ജെഡിയു ആരോപിച്ചിരുന്നു. 'കളി ഇനിയും ബാക്കിയുണ്ടെന്ന' തേജസ്വി യാദവിന്റെ പ്രസ്താവനയാണ്, നിതീഷ് കുമാറിനെ ആശങ്കയില്‍ നിര്‍ത്തുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ ചില ജെഡിയു എംഎല്‍മാര്‍ ക്രോസ് വോട്ട് ചെയ്തേക്കുമെന്ന് നിതീഷ് ഭയപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്എഎം) എംഎല്‍എമാരെ കൂടെനിര്‍ത്താനുള്ള ശ്രമവും ആര്‍ജെഡി നടത്തുന്നുണ്ട്. എച്ച്എഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയുമായി ആര്‍ജെഡി ആശയവിനിമയം നടത്തിവരികയാണ്. കഴിഞ്ഞദിവസം ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായികളായ നേതാക്കള്‍ ജിതന്‍ റാം മാഞ്ചിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ എന്‍ഡിഎ സഖ്യത്തിലാണ് എച്ച്എഎം ഉള്ളത്. നാല് എംഎല്‍മാരുള്ള എച്ച്എഎം തങ്ങളെ പിന്തുണയ്ക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം മാഞ്ചിക്ക് നല്‍കാം എന്നാണ് ആര്‍ജെഡിയുടെ വാഗ്ദാനം. പട്ടിക ജാതി വികസന വകുപ്പാണ് മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന് നിതീഷ് കുമാര്‍ നല്‍കിയ വകുപ്പ്. ജലസേചന, റോഡ് വികസന വകുപ്പുകള്‍ കൂടി നല്‍കണം എന്നാണ് എച്ച്എഎം ആവശ്യപ്പെടുന്നത്.

നിലവില്‍ എന്‍ഡിഎയ്ക്ക് 128 എംഎല്‍എമാരുടെ പിന്തുണയാണുള്ളത് ബിജെപി 78, ജെഡിയു 45, എച്ച്എംഎം 4, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് എന്‍ഡിഎയുടെ കക്ഷിനില. 243 അംഗ നിയമസഭയില്‍ 122 ആണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്.

114 എംഎല്‍എമാരുടെ പിന്തുണയാണ് മഹാസഖ്യത്തിനുള്ളത്. ആര്‍ജെഡി 79, കോണ്‍ഗ്രസ് 19, ഇടത് പാര്‍ട്ടികള്‍ 16 എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ കക്ഷിനില. എട്ടുപേരുടെ പിന്തുണകൂടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി.

logo
The Fourth
www.thefourthnews.in