സവർക്കർ പരാമർശം: പ്രതിപക്ഷ യോഗം ബഹിഷ്കരിച്ച് ശിവസേന, സഞ്ജയ് റാവുത്ത് രാഹുലിനെ കാണും

സവർക്കർ പരാമർശം: പ്രതിപക്ഷ യോഗം ബഹിഷ്കരിച്ച് ശിവസേന, സഞ്ജയ് റാവുത്ത് രാഹുലിനെ കാണും

തന്റെ പേര് സവർക്കർ എന്നല്ലെന്നും ആരോടും മാപ്പ് പറയുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ പരാമർശം
Updated on
2 min read

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങുന്നതിനിടെ പരസ്യമായി വിട്ടുനിന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് താക്കറെ വിഭാഗത്തെ ചൊടിപ്പിച്ചത്.

കറുത്ത വസ്ത്രം ധരിച്ചും, പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്ത് നടത്തിയ പ്രതിഷേധത്തില്‍ നിന്നും ഉദ്ധവ് താക്കറെ വിഭാഗം വിട്ടുനിന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ് യോഗത്തിലും ഉദ്ധവ് താക്കറെ വിഭാഗം പങ്കെടുക്കില്ല. സവര്‍ക്കറെ താന്‍ ആരാധിക്കുന്നതായും അദ്ദേഹത്തെ അപമാനിച്ചതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് ഉദ്ദവ് താക്കറെയുടെ നിലപാട്. വിഷയത്തില്‍ ശിവസേനയുടെ പ്രതിഷേധം നേരിട്ടറിയിക്കാന്‍ എംപി സഞ്ജയ് റാവുത്ത് രാഹുല്‍ ഗാന്ധിയെ കാണും.

സവര്‍ക്കര്‍ തങ്ങളുടെ വീര പുരുഷനാണ്, അദ്ദേഹത്തെ അപമാനിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല

സഞ്ജയ് റാവുത്ത്

സവര്‍ക്കര്‍ തങ്ങളുടെ വീര പുരുഷനാണ്, അദ്ദേഹത്തെ അപമാനിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും ശിവസേന ഉദ്ധവ് വിഭാഗം വക്താവ് സഞ്ജയ് റാവുത്ത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണുമെന്ന് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് സവര്‍ക്കറുടെ മഹത്വവും, പ്രവര്‍ത്തനങ്ങളും, ത്യാഗങ്ങളും വിശദീകരിക്കും. അന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ 14 വര്‍ഷങ്ങള്‍ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ജയിലില്‍ ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു സവര്‍ക്കറെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതിനിടെ, സവർക്കറിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ ബിജെപി എംപിമാരും രംഗത്തെത്തി. തിങ്കളാഴ്ച പാർലമെന്റിലെ ഛത്രപതി ശിവജി പ്രതിമയ്ക്ക് മുമ്പിലാണ് എംപിമാർ പ്രതിഷേധിച്ചത്. 2019 ല്‍ നടത്തിയ മോദി പരാമർശത്തിൽ ഉൾപ്പെടെ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവർത്തിച്ചതോടെയാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ പേര് സവർക്കർ എന്നല്ലെന്നും ആരോടും മാപ്പ് പറയുന്നില്ലെന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

സവർക്കറെ അപമാനിച്ചതിന് രാഹുൽ ഗാന്ധിക്ക് മതിയായ ശിക്ഷ നൽകണമെന്ന് ശനിയാഴ്ച ഷിൻഡെ നിയമസഭയിൽ പറഞ്ഞു. "സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ആരാധനാപാത്രമാണ്. രാഹുൽ ഗാന്ധി അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി. ഇതിന് അദ്ദേഹം ശിക്ഷിക്കപ്പെടണം," ഷിൻഡെ പറഞ്ഞു.

സവർക്കർ പരാമർശം: പ്രതിപക്ഷ യോഗം ബഹിഷ്കരിച്ച് ശിവസേന, സഞ്ജയ് റാവുത്ത് രാഹുലിനെ കാണും
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവരെ ബലം പ്രയോഗിച്ച് നീക്കി, പ്രവർത്തകർക്കെതിരെ അറസ്റ്റ്

രാഹുൽ സവർക്കറെ ലക്ഷ്യം വയ്ക്കുന്നത് ആദ്യമായല്ല. ബ്രിട്ടീഷ് ഭരണാധികാരികളെ സവർക്കർ സഹായിച്ചുവെന്നും ഭയം മൂലമാണ് അവർക്ക് ദയാഹർജി എഴുതിയതെന്നും രാഹുൽ ഗാന്ധി പലപ്പോഴും ആരോപിച്ചിരുന്നു. പാർലമെന്റില്‍ സംസാരിക്കാനുള്ള അവസരം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് അനുമതി നല്‍കിയില്ലെന്നും രാഹുല്‍ വാർത്താസമ്മേളനത്തില്‍ ആവർത്തിച്ചു. സ്പീക്കറെ വ്യക്തിപരമായി സമീപിച്ച് അന്വേഷിച്ചെങ്കിലും അവസരം നല്‍കാന്‍ തനിക്ക് കഴിയില്ലെന്നാണ് സ്പീക്കർ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. ഈ വിഷയം ആവശ്യപ്പെട്ട് ഇനി താന്‍ മോദിയെ കാണണോ എന്നും അദ്ദേഹം ചോദിച്ചു. ഈ രാജ്യത്ത് ജനാധിപത്യം അവസാനിച്ചെന്നും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധമാണ് ഇതിനൊക്കെ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in