മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സീറ്റ് വിഭജനത്തില്‍ തീരുമാനമായത്
Updated on
1 min read

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയും. ബിജെപി, ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എന്നീ മൂന്ന് പാര്‍ട്ടികളും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയെന്ന് മുന്നണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ധാരണ പ്രകാരം ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും ലഭിച്ചു.

സീറ്റ് വിഭജന കരാര്‍ പ്രകാരം ബിജെപിക്ക് 152-155 സീറ്റുകളും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 78-80 സീറ്റുകളും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് 52-54 സീറ്റുകളും ലഭിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സീറ്റ് വിഭജനത്തില്‍ തീരുമാനമായത്. സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. ശിവസേനയും എന്‍സിപിയും ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല.

മഹാമഹാവികാസ് അഘാഡിയിലെ കരാര്‍ പ്രകാരം കോണ്‍ഗ്രസ് 105 മുതല്‍ 110 സീറ്റുകളിലും ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) 90 മുതല്‍ 95 വരെ സീറ്റുകളിലും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) 75 മുതല്‍ 80 വരെ സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിക്കും.

2014 മുതല്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഡോംബിവാലിയില്‍ നിന്ന് സംസ്ഥാന മന്ത്രിയായ ബിജെപിയുടെ രവീന്ദ്ര ചവാന്‍ വീണ്ടും മത്സരിക്കും. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍പ്പെട്ട ഡോംബിവാലിയിലെ പ്രാദേശിക നേതാവായ ദിപേഷ് മിത്രെ ഡോംബിവാലിയില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയാണ് സീറ്റ് ബിജെപിക്ക് തന്നെ നല്‍കിയത്.

10 വര്‍ഷത്തെ ഭരണവിരുദ്ധതയെ അഭിമുഖീകരിച്ചിട്ടും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സഹായിച്ച ഹരിയാന തിരഞ്ഞെടുപ്പ് തന്ത്രം മഹാരാഷ്ട്രയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും
മഹാരാഷ്ട്ര സീറ്റ് വിഭജനത്തർക്കം: മഹാ വികാസ് അഘാഡി യോഗം വൈകിട്ട്; ശരദ് പവാറിന്റെ ഇടപെടല്‍ നിര്‍ണായകം

മുഖ്യമന്ത്രിയുടെ ജനപ്രീതിയും ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയും കണക്കിലെടുത്താണ് നയാബ് സിംഗ് സൈനിയെ മുഖമുദ്രയാക്കിയ ബിജെപി ഹരിയാന തെരഞ്ഞെടുപ്പിനെ നേരിട്ടത്. മഹാരാഷ്ട്രയില്‍, ശിവസനേ നേതാവ് ഏകനാഥ് ഷിന്‍ഡെയ്ക്ക് സമാനമായ ജനപ്രീതിയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതിനാലാണ് ശിവസേന നേതാവിനെ തന്നെ മഹായുതി സഖ്യത്തിന്റെ മുഖമായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഒരുങ്ങുന്നത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് ഒറ്റ ഘട്ടമായാണ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടക്കും.

നേരത്തെ, സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന്, മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ഉദ്ധവ് താക്കറെയുമായും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ നടന്ന ചര്‍ച്ച സമവായത്തിലെത്തിയിരുന്നില്ല. തുടര്‍ന്നാണു മധ്യസ്ഥ റോളില്‍ ശരദ് പവാര്‍ എത്തിയത്. കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ നാനാ പടോലെയും ശിവസേനയും തമ്മിലുള്ള പശ്‌നങ്ങളാണ് സീറ്റ് പങ്കിടല്‍ ധാരണയിലെത്താത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

logo
The Fourth
www.thefourthnews.in