70 കിലോമീറ്റർ താണ്ടി ലേലത്തിനെത്തി;
വിറ്റത് 512 കിലോ ഉള്ളി, കിട്ടിയത് രണ്ട് രൂപയുടെ ചെക്ക്

70 കിലോമീറ്റർ താണ്ടി ലേലത്തിനെത്തി; വിറ്റത് 512 കിലോ ഉള്ളി, കിട്ടിയത് രണ്ട് രൂപയുടെ ചെക്ക്

കിലോയ്ക്ക് ഒരു രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഗതാഗത ചെലവ്, ചുമട്ടുകൂലി എന്നിവയ്‌ക്കെല്ലാം ശേഷം കയ്യില്‍ കിട്ടിയത് രണ്ട് രൂപ
Updated on
2 min read

ലോകമെമ്പാടുമുള്ള വിപണിയിൽ ഉള്ളി വില കത്തിക്കയറുമ്പോൾ കർഷകർ ദുരിതത്തിന്റെ കൊടുമുടി കയറുകയാണ്. മഹാരാഷ്ട്രയിലുള്ള രാജേന്ദ്ര തുക്കാറാം ചവാൻ എന്ന കർഷകന് 512 കിലോ ഉള്ളി വിറ്റപ്പോൾ കിട്ടിയത് വെറും രണ്ട് രൂപയാണ്. കിലോയ്ക്ക് ഒരു രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഗതാഗത ചെലവ്, ചുമട്ടുകൂലി എന്നിവയ്‌ക്കെല്ലാം ശേഷം കയ്യില്‍ കിട്ടിയത് രണ്ട് രൂപ മാത്രമാണ്. അതും ചെക്ക് രൂപത്തിൽ. ചെക്ക്‌ മാറി പണമായി കിട്ടാനും ചവാൻ കാത്തിരിക്കേണ്ടത് 12 ദിവസം. വിളവെടുത്ത 512 കിലോ ഉള്ളി ലേലം ചെയ്യാനായി ചവാൻ 70 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് സോലാപൂർ മാർക്കറ്റിലെത്തിയത്(എപിഎംസി).

കഴിഞ്ഞ മൂന്ന്, നാല് വർഷത്തിനിടെ വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില ഇരട്ടിയായി. ഏകദേശം 500 കിലോ ഉള്ളി വിളയിക്കാനായി 40,000 രൂപയാണ് ചെലവഴിക്കേണ്ടി വന്നത്, ചവാൻ പറയുന്നു.

എന്നാൽ ഉള്ളിയുടെ ഗുണമേന്മ നോക്കിയാണ് വില നിശ്ചയിക്കുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഡിജിറ്റല്‍വത്കരിച്ചതിന്റെ ഭാഗമായിട്ടാണ് രണ്ട് രൂപ ചെക്കായി നൽകിയതെന്നാണ് വിശദീകരണം. നേരത്തെയും ഇത്തരം ചെറിയ തുകകൾക്ക് ചെക്ക്‌ നൽകിയിട്ടുണ്ടെന്നും, രസീതുകളും ചെക്കുകളും ഡിജിറ്റലധിഷ്ഠിതമാക്കിയെന്നും അവർ പറയുന്നു. ഇതിന് മുൻപ് ചവാൻ കൊണ്ടുവന്ന ഉള്ളിക്ക് കിലോയ്ക്ക് 18 ഉം, 14 ഉം രൂപ വില നൽകിയിട്ടുണ്ടെന്നും, എന്നാൽ ഈ തവണ ചവാൻ കൊണ്ട് വന്ന ഉള്ളിയുടെ ഗുണനിലവാരം കുറഞ്ഞതായതിനാലാണ് വില കുറച്ചു നൽകിയതെന്നും എപിഎംസിയിലെ വ്യാപാരികള്‍ വ്യക്തമാക്കി.

വിദഗ്ധരുടെ അഭിപ്രായത്തിൽ കർഷകർക്ക് 25 ശതമാനത്തിലധികം ഗുണനിലവാരമുള്ള ഉള്ളികൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നില്ല. 30% വിള ഉത്പന്നങ്ങളും ഒന്നുകിൽ ഇടത്തരമോ അല്ലെങ്കിൽ അതിലും ഗുണനിലവാരം താഴ്ന്നതോ ആയിരിക്കും. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിലെ എപിഎംസിയിൽ സവാളയുടെ വില കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 70% കുറഞ്ഞിരുന്നു. എത്ര വില കുറഞ്ഞാലും കിട്ടുന്ന വിലയ്ക്ക് വിൽക്കുകയല്ലാതെ കർഷകർക്ക് വേറെ മാർഗ്ഗമില്ല. കാരണം ഒരു മാസം കഴിഞ്ഞാൽ ഉള്ളികൾ അഴുകി തുടങ്ങും. അതിനാൽ കർഷകർ ഉത്‌പാദന ചെലവെങ്കിലും തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണ്.

70 കിലോമീറ്റർ താണ്ടി ലേലത്തിനെത്തി;
വിറ്റത് 512 കിലോ ഉള്ളി, കിട്ടിയത് രണ്ട് രൂപയുടെ ചെക്ക്
കത്തിക്കയറി ഉള്ളി വില, ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ പുതിയ അധ്യായം
logo
The Fourth
www.thefourthnews.in