ഏക്‌നാഥ് ഷിന്‍ഡെയും. ദേവേന്ദ്ര ഫഡ്‌നാവിസും
ഏക്‌നാഥ് ഷിന്‍ഡെയും. ദേവേന്ദ്ര ഫഡ്‌നാവിസും

മിശ്ര വിവാഹിതരെ കണ്ടെത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കുടുംബങ്ങളില്‍ നിന്ന് വേര്‍പ്പെട്ട സ്ത്രീകള്‍ക്ക് സഹായമെത്തിക്കും

മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ 'ഇന്റര്‍ഫെയ്ത്ത്/ ഇന്റര്‍കാസ്റ്റ് മാര്യേജ് ഫാമിലി കോര്‍ഡിനേഷന്‍ കമ്മിറ്റി
Updated on
1 min read

ഭിന്ന മത-ജാതി വിഭാഗത്തില്‍ നിന്ന് വിവാഹം കഴിക്കുന്നവരെ കണ്ടെത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. മിശ്ര വിവാഹിതരെ കണ്ടെത്തുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ 'ഇന്റര്‍ഫെയ്ത്ത്/ ഇന്റര്‍കാസ്റ്റ് മാര്യേജ് ഫാമിലി കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. വനിതാ ശിശുക്ഷേമ മന്ത്രിയും ബിജെപി നേതാവുമായ മംഗള്‍ പ്രഭാത് ലോധയായിരിക്കും കമ്മിറ്റിയുടെ ചെയര്‍മാന്‍. വ്യത്യസ്ത ജാതി-മത വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിച്ചവരെ കണ്ടെത്തുക, ഇത്തരം വിവാഹത്തിന്റെ പേരില്‍ കുടുംബങ്ങളില്‍ നിന്ന് വേര്‍പ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുക, അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നിവയാണ് കമ്മിറ്റിയുടെ ലക്ഷ്യം.

മിശ്ര വിവാഹം കഴിച്ചവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള അവസരമായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇടപെടലുകള്‍ സ്വീകരിക്കും. ഇതിനായി ദേശീയ - സംസ്ഥാന തലങ്ങളില്‍ പഠനങ്ങളും നടത്തും.

12 പേരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. സര്‍ക്കാര്‍- സര്‍ക്കാരേതര മേഖലകളിലെ വിദഗ്ധരാകും കമ്മിറ്റിയിലുണ്ടാകുക. വിവരശേഖരണമാണ് കമ്മിറ്റി പ്രധാനമായും മുന്നോട്ട് വെയ്ക്കുന്ന അളവുകോല്‍. മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക വിവരശേഖരണം നടത്തും. വീടുവിട്ടിറങ്ങിയതിന് ശേഷം വിവാഹം കഴിച്ചവരെ കണ്ടെത്താനായാണ് ഇത്. ഇതിന് പുറമെ രജിസ്റ്റര്‍ ഓഫീസുകളില്‍ നിന്നും കണക്കുകളെടുക്കും. വിവാഹത്തിന്റെ പേരില്‍ വീടുകളില്‍ നിന്ന് വിട്ടുകഴിയുന്നവരെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇക്കാര്യത്തില്‍ മാതാപിതാക്കളേയും ബോധവത്കരിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും കമ്മിറ്റികള്‍ സംഘടിപ്പിച്ച് വിലയിരുത്തലുകള്‍ നടത്തും.

കമ്മിറ്റി രൂപീകരണത്തിന് മുന്‍പ് നവംബര്‍ 19ന് വനിതാ ശിശുക്ഷേമ മന്ത്രാലയം സംസ്ഥാന വനിതാ കമ്മീഷനോട് ഒരു പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയില്ലാതെ വിവാഹം ചെയ്ത് വേര്‍പെട്ട് ജീവിക്കുന്ന സ്ത്രീകളെ കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇത്. ഡല്‍ഹിയിലെ ശ്രദ്ധ വോള്‍ക്കര്‍ കൊലപാതക കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഇടപെടല്‍.

ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതോടെ കമ്മിറ്റി പിരിച്ചുവിടുമെന്നാണ് ഷിന്‍ഡെ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. ഇതര മത-ജാതി വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ആദ്യ നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റേതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഭിന്ന മതത്തില്‍ നിന്നുള്ള വിവാഹങ്ങളെ ലൗ ജിഹാദുമായി ചേര്‍ത്തുവെയ്ക്കാനാണ് നീക്കമെന്നാണ് പലകോണുകളില്‍ നിന്നുമുയരുന്ന വിമര്‍ശനം. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായ പഠനം നടത്തിവരികയാണെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in