ഭഗത് സിങ് കൊഷിയാരി
ഭഗത് സിങ് കൊഷിയാരി

'ഇനിയുള്ള കാലം എഴുത്തും വായനയുമായി കഴിയണം'; രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കൊഷിയാരി

മുംബൈ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, എല്ലാ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന തന്റെ ആഗ്രഹം അറിയിച്ചതായി കൊഷിയാരി വ്യക്തമാക്കി
Updated on
1 min read

രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കൊഷിയാരി. മുംബൈ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, എല്ലാ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന തന്റെ ആഗ്രഹം അറിയിച്ചതായി കൊഷിയാരി വ്യക്തമാക്കി. തുടര്‍ന്നുള്ള ജീവിതകാലം വായനയിലും എഴുത്തിലും മറ്റു പ്രവർത്തനങ്ങളിലുമായി ആയി ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സന്യാസിമാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും ധീരന്മാരായ പോരാളികളുടെയും നാടായ, മഹാരാഷ്ട്ര പോലൊരു മഹത്തായ സംസ്ഥാനത്തിന്റെ ഗവർണറായി സേവനമനുഷ്ഠിക്കാൻ സാധിച്ചത് അഭിമാനമായി കണക്കാക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

'കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി മഹാരാഷ്ട്രയിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും ഒരിക്കലും മറക്കാൻ പറ്റില്ല. അടുത്തിടെ പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശന വേളയിൽ, എല്ലാ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ആഗ്രഹം അറിയിച്ചിരുന്നു. തുടര്‍ന്നുള്ള ജീവിതകാലം വായനയിലും എഴുത്തിലും മറ്റ് പ്രവർത്തനങ്ങളിലും ആയി ചെലവഴിക്കാനാനാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയിൽ നിന്ന് എന്നുമെനിക്ക് സ്‌നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയാനുള്ള തന്റെ തീരുമാനത്തിനും സമാനമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- കൊഷിയാരി ട്വീറ്റ് ചെയ്തു.

ഗവർണർ സ്ഥാനം തനിക്ക് അസംതൃപ്തി മാത്രമാണ് നൽകിയതെന്ന് രണ്ടാഴ്ച മുൻപ് കൊഷിയാരി പറഞ്ഞിരുന്നു. ജനുവരി ഏഴിന് ജൈനമതത്തിലെ ആത്മീയ നേതാക്കളുടെ പ്രതിനിധി സംഘത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇപ്പോൾ മുംബൈ മുനിസിപ്പൽ ബോഡി തിരഞ്ഞെടുപ്പിന് മുൻപായി പദവിയിൽ നിന്ന് ഇറങ്ങാനാണ് കൊഷിയാരി ലക്ഷ്യമിടുന്നത്.

ഗവർണറായിരിക്കെ കൊഷിയാരി നടത്തിയ പരാമര്‍ശങ്ങളും ഇടപെടലുകളും നിരവധി വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങളും, സാവിത്രി ഭായിയെയും ജ്യോതിറാവു ഫൂലെയെയും കുറിച്ചുള്ള പരാമർശങ്ങളും നിരവധി കടുത്ത വിമർശനങ്ങൾക്കും കാരണമായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഷിൻഡെ വിഭാഗത്തിന്റെ രാഷ്ട്രീയ രൂപീകരണവും ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയുമെല്ലാം കൊഷിയാരിക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. പക്ഷപാതപരമായാണ് ഗവർണറുടെ പെരുമാറ്റമെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in