'ഗുജറാത്തില്ലെങ്കില്‍ മഹാരാഷ്‍ട്ര ദരിദ്രം'; മഹാരാഷ്ട്ര ഗവർണറുടെ പരാമർശം വിവാദത്തില്‍
ഗുജറാത്തികളെയും രാജസ്ഥാന്‍കാരെയും പുറത്താക്കിയാല്‍ മഹാരാഷ്ട്രയില്‍ സാമ്പത്തിക മൂലധനം ഉണ്ടാകില്ലെന്ന ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ പ്രസ്താവന വിവാദത്തില്‍. മുംബൈയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാന്‍ കഴിയില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. കഠിനാധ്വാനികളായ മറാത്തികളെ ഭഗത് സിങ് കോഷിയാരി അപമാനിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുകയാണ്. ഗവർണർക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ശിവസേനയും കോൺഗ്രസും എന്‍സിപിയും ഗവർണർക്കെതിരെ വിമർശനമുയർത്തി.
കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ഗവർണറുടെ പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിന് പിന്നില്‍. 'ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയില്‍ നിന്ന് പ്രത്യേകിച്ച് മുംബൈയിലും താനെയിലും നിന്ന് പുറത്താക്കിയാല്‍ മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക മൂലധനം ഉണ്ടാകില്ല' എന്നായിരുന്നു പരാമർശം. പിന്നാലെ മറാത്തി ജനതയെ ഗവർണർ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു.
ഗവർണറുടെ പ്രസംഗത്തെ ശിവസേന എം പി സഞ്ജയ് റാവത്ത് അപലപിച്ചു. 'ബിജെപി സ്പോണ്‍സേർഡ് മുഖ്യമന്ത്രി അധികാരത്തിലെത്തിയ ഉടന്‍ മറാത്തി ജനത അപമാനിക്കപ്പെട്ടു'വെന്ന് റാവത്ത് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഗവർണറെ അപലപിക്കുകയെങ്കിലും ചെയ്യണമെന്നും റാവത്ത് ആവശ്യപ്പെട്ടു. സമാന ആവശ്യം ഉന്നയിച്ച് കോൺഗ്രസും രംഗത്തെത്തി. ഗവർണറെ വിമർശിച്ച് ജയറാം രമേശും സച്ചിന്‍ സാവന്തും ട്വീറ്റ് ചെയ്തു.
തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നാണ് ഗവർണറുടെ പ്രതികരണം. വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിടുന്നവരാണെന്നും കോഷിയാരി ആരോപിച്ചു. ആർഎസ്എസ് നേതാവായിരുന്ന കോഷിയാരി മുന്‍പ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു.