മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

ഇരു സംസ്ഥാനങ്ങളിലും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍
Updated on
2 min read

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇരു സംസ്ഥാനങ്ങളിലും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. യഥാര്‍ഥ വിധി അറിയാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും.

മഹാരാഷ്ട്ര എങ്ങോട്ട്?

ബിജെപി, ശിവസേന ഷിന്‍ഡെ പക്ഷം, എന്‍സിപി അജിത് പവാര്‍ പക്ഷം എന്നിവരടങ്ങിയ മഹായുതി സഖ്യവും കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേനയുബിടി, ശരദ് പവാറിന്‌റെ എന്‍സിപി വിഭാഗം എന്നിവ ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡിയും തമ്മിലാണ് മത്സരം.

മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയിരിക്കുന്നത്. ശിവസേനയും എന്‍സിപിയും രണ്ടായി പിളര്‍ന്നതിനുശേഷം നടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. ഭരണത്തുടര്‍ച്ചയുമായി മഹായുതി സഖ്യം എത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ. ഏതാനും ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മഹാവികാസ് അഘാഡിക്കാണ് വിജയം പ്രവചിച്ചത്. ആരാകും ഭരണം നേടുന്നതെന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാവികാസ് അഘാഡിയിലെ നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ചയും നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീല്‍, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്, എന്‍സിപി ശരദ് പവാര്‍പക്ഷം സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

288 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് ഒറ്റഘട്ടമായി നവംബര്‍ 20നാണ് തിരഞ്ഞെടുപ്പ് നടന്നത്. 66.05 ആയിരുന്നു പോളിങ് ശതമാനം. 2019ലെ പോളിങ് ശതമാനം 61.4 ആയിരുന്നു. 74 സീറ്റുകളിലും കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മത്സരം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റുകളാണ്. ഭരണമുന്നണിയായ മഹായുതിയില്‍ ബിജെപി 149 സീറ്റുകളിലും ശിവസേന 81 സീറ്റുകളിലും അജിത് പവാറിന്‌റെ എന്‍സിപി 59 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് 101 സീറ്റുകളിലും ശിവസേന യുബിടി 95 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍പക്ഷം 86 സീറ്റുകളിലുമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം
പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

കേവല ഭൂരിപക്ഷത്തിനുവേണ്ട സീറ്റുകള്‍ മറികടക്കുമെന്ന് മഹായുതി അവകാശപ്പെടുമ്പോള്‍ മഹാവികാസ് അഘാഡി ആകട്ടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലാണ്.

ഭരണത്തുടര്‍ച്ച പ്രതീക്ഷയില്‍ കളത്തിലിറങ്ങിയ മഹായുതി സഖ്യത്തെ ആണോ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുംജയത്തിന്‌റെ തിളക്കത്തിലിറങ്ങിയ മഹാവികാസ് അഘാഡിയെയാണോ ജനം പിന്തുണച്ചതെന്ന് ഇനി കണ്ടറിയാം.

ഝാര്‍ഖണ്ഡില്‍ എന്ത് സംഭവിക്കും?

വാശിയേറിയ പോരാട്ടം നടന്ന ഝാര്‍ഖണ്ഡില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യമാകട്ടെ സംസ്ഥാനം ഭരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്നായിരുന്നു ഹേമന്ത് സോറന്‌റെ പ്രതികരണം. രണ്ട് ഘട്ടമായി 81 നിയമസഭ സീറ്റുകളിലേക്കാണ് ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യവും ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയും തമ്മിലാണ് മത്സരം. 67.74 ശതമാനമായിരുന്നു പോളിങ്.

മുഖ്യമന്ത്രി ഹേമന്ത് സോറന്‌റെ ജയില്‍വാസവും ചംപയ് സോറന്‌റെ ബിജെപി പ്രവേശനവുമൊക്കെ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളായിരുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് നേരിട്ടത്. 2019-ല്‍ മോദി തരംഗമുണ്ടായിട്ടും ബിജെപിക്ക് 25 സീറ്റുകളാണ് നേടാനായത്. ജെഎംഎം-കോണ്‍ഗ്രസ് ഭൂരിപക്ഷം സ്വന്തമാക്കി സംസ്ഥാനത്തിന്‌റെ ഭരണം ഏറ്റെടുത്തു. ഹേമന്ത്് സോറന്‍ വീണ്ടും മുഖ്യമന്ത്രി ആയെങ്കിലും ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിപദം രാജിവെയ്‌ക്കേണ്ടി വന്നു. ജെഎംഎം നേതാവായിരുന്ന ചംപയ് സോറനെ പകരം മുഖ്യമന്ത്രിയാക്കി. എന്നാല്‍ ജയിലില്‍നിന്ന് തിരിച്ചെത്തിയ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രി കസേര സ്വന്താമക്കി. ഇതില്‍ അസ്വസ്ഥനായ ചംപയ് സോറന്‍ ജെഎംഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

ഗോത്ര മഖല തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി. നഗരമേഖല ഒപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നാളെ വോട്ടെണ്ണി കഴിയുമ്പോള്‍ ജനം ആരെയാണ് തുണച്ചതെന്ന് കാണാം.

logo
The Fourth
www.thefourthnews.in