മഹാരാഷ്ട്ര - കർണാടക അതിർത്തി തർക്കം രൂക്ഷം : വാഹനങ്ങൾക്ക് നേരെ അക്രമം, നൂറിലേറെ പേര്‍ അറസ്റ്റിൽ
മഹാരാഷ്ട്ര - കർണാടക അതിർത്തി തർക്കം രൂക്ഷമാകുന്നു. ബെലഗാവിക്കടുത്തുള്ള ഹിരേബാഗ്‌വാഡിയിൽ മഹാരാഷ്ട്ര രജിസ്ട്രേഷന്‍ വാഹനങ്ങൾക്ക് നേരെ കർണാടക സംരക്ഷണ വേദികെ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും നമ്പർ പ്ലേറ്റുകൾ നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. നൂറിലേറെ കര്‍ണാടക സംരക്ഷണ വേദികെ പ്രവർത്തകര്‍ അറസ്റ്റിലായി.
ആക്രമണങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് സംസാരിക്കുകയും ആക്രമണങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതിര്‍ത്തിതര്‍ക്കം രൂക്ഷമാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ മാത്രമാണ് മഹാരാഷ്ട്ര സംയമനം പാലിക്കുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി. പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പു നല്‍കി.
മഹാരാഷ്ട്ര മന്ത്രിതല സംഘം ബെലഗാവി സന്ദർശിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിലേക്ക് കടക്കരുതെന്ന് കര്‍ണാടക മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കുന്നതാകും സന്ദര്‍ശനമെന്നായിരുന്നു കര്‍ണാടകയുടെ വാദം. തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രിതല സംഘം സന്ദര്‍ശനം ഒഴിവാക്കി. ഇതിന് പിന്നാലെയാണ് മേഖലയില്‍ തര്‍ക്കം രൂക്ഷമായത്.
മഹാരാഷ്ട്രയുടെയും കർണാടകയുടെയും അതിർത്തി പ്രദേശങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. കർണാടക മുഖ്യമന്ത്രി പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയാണെങ്കിൽ കേന്ദ്രം ഇടപെടണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടു. കർണാടകയ്ക്ക് തക്കതായ മറുപടി നൽകുമെന്ന് ഭീഷണി മുഴക്കി ശിവസേനടെ ഉദ്ധവ് താക്കറെ വിഭാഗവും രംഗത്തെത്തി.
മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായത് മുതൽ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ നിലനിൽക്കുന്നതാണ് ബെലഗാവി അതിർത്തി തർക്കം. കർണാടകയിലെ ബെലഗാവിയിൽ സ്ഥിതി ചെയ്യുന്ന മറാഠി സംസാരിക്കുന്ന ഗ്രാമങ്ങൾക്ക് വേണ്ടിയാണ് പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കം.