മഹാരാഷ്ട്രാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; പോരാട്ടം 'സേനാ' വിഭാഗങ്ങൾ തമ്മിൽ

മഹാരാഷ്ട്രാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; പോരാട്ടം 'സേനാ' വിഭാഗങ്ങൾ തമ്മിൽ

തിരഞ്ഞടുപ്പ് ഇരുകക്ഷികള്‍ക്കും നിര്‍ണ്ണായകം
Updated on
1 min read

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഷിന്‍ഡെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് തിങ്കളാഴ്ച്ചയാണ്. അതിനു മുന്നോടിയായി മഹാരാഷ്ട്രാ നിയമസഭ ഇന്ന് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും. ഉദ്ധവ് താക്കറെ വിഭാഗത്തിലെ ശിവസേനാ നേതാവും എംഎല്‍എയുമായ രാജന്‍ സാല്‍വിയും ബിജെപി നിയമ സഭാംഗം നര്‍വേക്കറും നാമനിര്‍ദേശപട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രത്യേക നിയമ സഭാ സമ്മേളനം പരിഗണിച്ച് ശിവസേനാ വിമത എംഎല്‍എമാര്‍ ഗോവയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തി.

2021 ഫെബ്രുവരിയില്‍ കോണ്‍ഗ്രസിലെ നാനാ പടോലെ രാജിവച്ച് പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റായതു മുതല്‍ മഹാരാഷ്ട്രാ നിയമസഭാ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ ആക്ടിങ് സ്പീക്കറായി ചുമതലയേറ്റെടുക്കുകയായിരുന്നു.

സംസ്ഥാനത്തെ രാഷ്ടീയപ്രതിസന്ധി കണക്കിലെടുത്താല്‍ ഇന്ന് നടക്കുന്ന നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. ഉദ്ധവ് താക്കറെ വിഭാഗത്തിലുള്ളവരും ഷിന്‍ഡെ വിഭാഗത്തിലുള്ളവരും തങ്ങളുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ വിമത എംഎല്‍മാരെ അയോഗ്യരാക്കണമെന്ന ഹര്‍ജിയില്‍ അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമത എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത് എന്നായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാല്‍ നിയമസഭാ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് ഈ മാസം 11 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി സ്പീക്കര്‍ അംഗീകരിച്ചാല്‍ അവര്‍ക്ക് മറ്റൊരു പാര്‍ടിയുമായും ലയിക്കേണ്ടിവരില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം തനിക്കുള്ളതിനാല്‍ താനാണ് സേനയുടെ നിയമസഭാകക്ഷിനേതാവ് എന്നാണ് ഷിന്‍ഡെയുടെ വാദം.പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ വെള്ളിയാഴ്ച്ച ഷിന്‍ഡയെ പാര്‍ടിനേതാവ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ബിജെപിയുടെ സഹായത്തോടെ ഷിന്‍ഡെ വിഭാഗത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതോടെ, താക്കറെയുടെ പിതാവ് ബാല്‍താക്കറെ സ്ഥാപിച്ച ശിവസേനയുടെ നിയന്ത്രണം കൂടി പിടിച്ചെടുക്കാനാണ് ഷിന്‍ഡെയുടെയും ബിജെപിയുടെയും നീക്കം.

logo
The Fourth
www.thefourthnews.in