'വനിതാ കമ്മിഷനെ അധിക്ഷേപിച്ചു'; മഹുവ മൊയ്ത്രയ്ക്ക് എതിരെ കേസ്, ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കുന്ന ആദ്യ എംപി
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരെ പുതിയ ക്രിമിനല്‍നിയമപ്രകാരം കേസ്. ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് കേസ്. വനിതാ കമ്മിഷൻ ഉത്തരവ് പ്രകാരം, ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യ എംപിയാണ് മഹുവ മോയ്ത്ര.
ഹത്രാസ് ദുരന്തത്തില്‍ ഇരകളായ സ്ത്രീകളെ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയെ വിമര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ച് വാക്കുകള്‍ക്ക് എതിരെയാണ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദുരന്ത ബാധിതരെ സന്ദര്‍ശിച്ച രേഖാ ശര്‍മയ്ക്ക് സഹായി കുട പിടിച്ചുകൊടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ വിമര്‍ശനം. '' അവര്‍ (രേഖാ ശര്‍മ) തന്റെ ബോസിന്റെ പൈജാമ ഉയര്‍ത്തിപ്പിടിക്കുന്ന തിരക്കിലാണ്'' എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് മഹുവയുടെ കമന്റ്. ഈ അഭിപ്രായ പ്രകടനത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ, മഹുവ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പോലീസ് എക്‌സിനോട് ആവശ്യപ്പെടും.
മഹുവയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ രംഗത്തുവന്നിരുന്നു. ''കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയ്ക്ക് എതിരെ പാര്‍ലമെന്റ് അംഗം മഹുവ മോയ്ത്ര നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന് എതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അസഭ്യമായ പരാമര്‍ശങ്ങള്‍ അതിരുകടന്നതും ഒരു സ്ത്രീയുടെ അന്തസ്സിനുള്ള അവകാശത്തിന്റെ ലംഘനവുമാണ്. മഹുവ മൊയ്ത്രയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വിശദമായ നടപടി റിപ്പോര്‍ട്ട് 3 ദിവസത്തിനകം കമ്മിഷനെ അറിയിക്കുകയും വേണം'', വനിതാ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യൽ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ പരിഹസിച്ച് മഹുവ രംഗത്തെത്തി. എത്രയും വേഗം തന്നെ അറസ്റ്റ് ചെയ്യൂവെന്ന് മഹുവ പരിഹസിച്ചു. അടുത്ത 3 ദിവസത്തിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ താന്‍ നാദിയയിലാണുള്ളത്, മഹുവ പറഞ്ഞു. തന്റെ കുട പിടിക്കാന്‍ മറ്റാരുടേയും സഹായം വേണ്ടെന്നും അവര്‍ പരിഹസിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ക്ക് എതിരെ രേഖാ ശര്‍മ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയ മവുഹ, സ്ഥിരമായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്ന രേഖയ്ക്ക് എതിരേയും പുതിയ നിയമ പ്രകാരം കേസെടുക്കണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.