സ്വാഭാവിക നീതി ലഭിച്ചില്ല, ഹിരാനന്ദാനിയെ ക്രോസ് വിസ്താരം ചെയ്യാന്‍ അവസരം വേണം: മഹുവ മൊയ്ത്ര
ചോദ്യത്തിന് കോഴ വിവാദത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ആരോപണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31 ന് ഹാജരായി വിശദീകരണം നല്‍കണമെന്ന നിര്‍ദേശത്തിന് നല്‍കിയ മറുപടിയിലാണ് മഹുവ സമയം നീട്ടി ചോദിച്ചത്. നവംബര്‍ 5 ന് ശേഷമുള്ള ഒരു ദിനം നിശ്ചയിക്കണമെന്നാണ് മഹുവയുടെ ആവശ്യം.
ബംഗാളില്‍ പ്രശസ്തമായ ദുര്‍ഗാ പൂജാ ആഘോഷ ദിനങ്ങളാണ് കടന്നുപോകുന്നത്. ഈ ദിവസത്തില്‍ ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടും രാഷ്ട്രീയയമായും നിരവധി പരിപാടികള്‍ മുന്‍ കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ നാല് വരെ ഡല്‍ഹിയില്‍ ഉണ്ടാകില്ലെന്നും മഹുവ വിദശീകരണത്തില്‍ പറയുന്നു.
അതേസമയം, ആരോപണങ്ങളില്‍ തനിക്ക് പറയാനുള്ള വിശദീകരണങ്ങള്‍ കേള്‍ക്കുന്നതിന് മുന്‍പ് പരാതിക്കാരനായ ബിജെപി എംപി നിഷികാന്ത് ദുബെയുടെ നിലപാട് തേടിയ കമ്മിറ്റി നടപടി സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും മഹുവ ചൂണ്ടിക്കാട്ടുന്നു. നിഷികാന്ത് ദുബെയുടെയും അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയും ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നും മഹുവ വ്യക്തമാക്കുന്നു.
ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ താന്‍ പാരിതോഷികം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി ഹിരാനന്ദാനിയുടെ വിശദീകരണം സമിതി തേടണമെന്നും മഹുവ കത്തില്‍ ആവശ്യപ്പെടുന്നു. ഹിരാനന്ദാനി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. അദ്ദേഹം തനിക്ക് നല്‍കി എന്ന് ആരോപിക്കപ്പെടുന്ന സമ്മാനങ്ങളുടെയും ആനുകൂല്യങ്ങളെയും കുറച്ചുള്ള വിവരങ്ങള്‍ തേടി ക്രോസ് വിസ്താരം നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് അവസരം വേണം. ഇവ പരിശോധിക്കാതെയുള്ള ഏതൊരു അന്വേഷണവും അപൂര്‍ണവും അന്യായവുമാണെന്ന് വിലയിരുത്തേണ്ടിവരും. അത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ 'കംഗാരു കോടതി' എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാകുമെന്നും മഹുവ ചൂണ്ടിക്കാട്ടുന്നു.