ഗാംബിയയിൽ കുട്ടികൾ മരിച്ച സംഭവം: ആരോപണ വിധേയമായ ഇന്ത്യൻ മരുന്ന് നിർമാണ കമ്പനി മെയ്ഡൻ സ്ഥിരം 'പ്രശ്നക്കാർ'
ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പുകൾ നിർമിച്ച ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി മെയ്ഡൻ സ്ഥിരം നിയമലംഘകരെന്ന് റിപ്പോർട്ട്. കമ്പനിയുടെ ഭാഗത്ത് മുന്‍പും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മെയ്ഡ്ഡന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
നാല് കഫ് സിറപ്പുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തി.
മരുന്നുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ 2011 തന്നെ കമ്പനിയെ വിയറ്റ്നാം നിരോധിച്ചിരുന്നു. കേരളം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ പല മരുന്നുകൾക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ പൊതുവിതരണ ഏജന്‍സി, കമ്പനിയെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തുകയും ചെയ്തു.
ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിട്ടും എങ്ങനെയാണ് കമ്പനിയ്ക്ക് മരുന്നു വിതരണം ചെയ്യാന്‍ സാധിച്ചത് എന്നതിനെ കുറിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്
അതേസമയം ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിട്ടും എങ്ങനെയാണ് കമ്പനിയ്ക്ക് മരുന്നു വിതരണം ചെയ്യാന്‍ സാധിച്ചത് എന്നതിനെ കുറിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. കമ്പനിയുടെ ഡയറക്ടര്‍മാരില്‍ പലരും പല കേസുകളിലും ഉള്‍പ്പെട്ടതായും കണ്ടെത്തി. ആരോപണം ഉയര്‍ന്നതിന് പിന്നാലെ കമ്പനി അവരുടെ വെബ്‌സൈറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഗാംബിയയിലെ കുട്ടികളുടെ മരണത്തില്‍ ഇന്ത്യന്‍ കമ്പനിക്ക് പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച ഉള്ളതായി കണ്ടെത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹരിയാന അസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്‌റെ നാല് കഫ് സിറപ്പുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തി. പ്രോമെത്താസിന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫേക്സാമലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ്, എന്നിവയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന ജാഗ്രത പുറപ്പെടുവിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങിയാണ് നിരോധിത കഫ് സിറപ്പ് ഗാംബിയയില്‍ തിരിച്ചു വിളിക്കുന്നത്. 1990 ലാണ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.