കുട്ടികളുടെ മരണം; കഫ് സിറപ്പ് നിർമാണം നി‍ർത്താൻ ഉത്തരവ്

കുട്ടികളുടെ മരണം; കഫ് സിറപ്പ് നിർമാണം നി‍ർത്താൻ ഉത്തരവ്

ഗുണമേന്മ പരിശോധനകളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി
Updated on
2 min read

ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിർമാണം നിർത്തിവെക്കാന്‍ ഹരിയാന സർക്കാർ. ഗുണമേന്മ പരിശോധനകളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കമ്പനിയുടെ നിർമ്മാണ പ്ലാന്റിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഡ്രഗ് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. ''ലോകാരോഗ്യ സംഘടന സൂചിപ്പിച്ച മൂന്ന് മരുന്നുകളുടെ സാമ്പിളുകൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകും''- അനിൽ വിജ് വ്യക്തമാക്കി.

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷം ഒക്ടോബർ ഏഴിന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷം ഒക്ടോബർ ഏഴിന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഒക്‌ടോബർ 14-നകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം. ഒക്‌ടോബർ 1, 3 തീയതികളിൽ ഫാർമ കമ്പനിയുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ ഹരിയാന ഡ്രഗ് കൺട്രോളർ പട്ടികപ്പെടുത്തിയിട്ടുണ്ട്. മരുന്നുകളുടെ നിർമ്മാണവും പരിശോധനയും സംബന്ധിച്ച രേഖകളോ മറ്റ് ഉപകരണങ്ങളുടെയോ ലോഗ് ബുക്കുകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കമ്പനി ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.

ഏഴ് ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ നിർമ്മാണ ലൈസൻസ് റദ്ദാക്കുമെന്ന് ഹരിയാന ഡ്ര​ഗ്സ് കൺട്രോൾ വിഭാ​ഗം അറിയിച്ചു

ഡബ്ല്യു എച്ച് ഒ നിർദേശിച്ച മരുന്നുകളുടെ പരിശോധനാ റിപ്പോർട്ടോ മരുന്നുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ച പ്രൊപിലീൻ ഗ്ലൈക്കോൾ, സോർബിറ്റോൾ ലായനി, സോഡിയം മീഥൈൽ പാരബെൻ എന്നിവയുടെ ബാച്ച് നമ്പറോ കമ്പനി ഹാജരാക്കിയിട്ടില്ല. കൂടാതെ, ഇൻവോയ്സുകളിൽ ബാച്ച് നമ്പറുകൾ, നിർമ്മാതാവിന്റെ പേര്, ഉൽപ്പാദന തീയതി, കാലാവധി എന്നിവയും ഉൾക്കൊള്ളിച്ചിട്ടില്ല. ഏഴ് ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ നിർമ്മാണ ലൈസൻസ് റദ്ദാക്കുമെന്ന് ഹരിയാന ഡ്ര​ഗ്സ് കൺട്രോൾ വിഭാ​ഗം അറിയിച്ചു.

ഗാംബിയയിലെ കുട്ടികളുടെ മരണത്തില്‍ ഇന്ത്യന്‍ കമ്പനിക്ക് പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ അന്വേഷണം ആരംഭിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹരിയാന അസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്‌റെ നാല് കഫ് സിറപ്പുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തി. പ്രോമെത്താസിന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫേക്സാമലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ്, എന്നിവയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന ജാഗ്രത പുറപ്പെടുവിച്ചിരുന്നു.

മരുന്നുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ 2011 തന്നെ കമ്പനിയെ വിയറ്റ്നാം നിരോധിച്ചിരുന്നു. കേരളം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ പല മരുന്നുകൾക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ പൊതുവിതരണ ഏജന്‍സി, കമ്പനിയെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തുകയും ചെയ്തു.

logo
The Fourth
www.thefourthnews.in