ബില്‍ക്കിസ് ബാനു മുതല്‍ മോര്‍ബി പാലം ദുരന്തം വരെ; ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന ചൂടന്‍ വിഷയങ്ങള്‍
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 25 കൊല്ലമായി ഗുജറാത്ത് ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് ഇത്തവണ വെല്ലുവിളികളേറെയാണ്. നിരവധി വിഷയങ്ങളാണ് സംസ്ഥാനത്ത് ഇത്തവണ ചര്‍ച്ചയാകാന്‍ പോകുന്നത്. ഏറ്റവും ഒടുവിലായി 135 പേരുടെ മരണത്തിന് ഇടയാക്കിയ മോര്‍ബി തൂക്കുപാലം ദുരന്തവും സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയമായി മാറിയേക്കും. മോര്‍ബി പാലത്തിന്റെ തകര്‍ച്ചയോടെ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളും ശക്തമായിക്കഴിഞ്ഞു.
മോര്‍ബി പാലത്തിന്റെ തകര്‍ച്ചയോടെ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളും ശക്തമായിക്കഴിഞ്ഞു.
പഞ്ചാബിന് പിന്നാലെ ഗുജറാത്ത് ലക്ഷ്യമാക്കി നീങ്ങുന്ന ആംആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ വേരുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും രംഗത്ത് എത്തിയതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തിമായിക്കഴിഞ്ഞു. ബില്‍ക്കിസ് ബാനു മുതല്‍ മോര്‍ബി പാലം വരെയുള്ള സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രിയുടെ രൂപത്തില്‍ ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ തുറുപ്പു ചീട്ടാണ് നരേന്ദ്രമോദി. 2001 മുതല്‍ 2014 വരെ ഗുജറാത്ത് ഭരിച്ച മോദി മുഖ്യമന്ത്രി കസേര ഒഴിഞ്ഞിട്ട് 8 വര്‍ഷമായെങ്കിലും അനുയായികളുടെ മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായക ഘടകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ്
സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണ ശാലയായ ഗുജറാത്തില്‍ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത സംഭവം. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ ഇത് വ്യത്യസ്തമായ രീതിയിലാണ് സ്വീകരിച്ചിരിക്കുന്നത്. ഹിന്ദുക്കളില്‍ ഒരു വിഭാഗം ഈ വിഷയത്തെ തീര്‍ത്തും അവഗണിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി മുസ്ലീം വിഭാഗം രംഗത്ത് എത്തുന്നത്.
3. ഭരണ വിരുദ്ധ വികാരം
1998 മുതല്‍ കഴിഞ്ഞ 24 വര്‍ഷത്തെ ബിജെപി ഭരണത്തിന് കീഴില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള അതൃപ്തി ഉടലെടുത്തു കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളുമെല്ലാം ഇക്കാലയളവില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴുമുള്ളത്.
4. മോര്‍ബി പാലം തകര്‍ച്ചയും മരണവും
ഒക്ടോബര്‍ 30 ന് 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി പാലം തകര്‍ച്ചയാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സര്‍ക്കാരും വ്യവസായികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ദുരന്തമെന്ന ആരോപണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. ഇത് സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയരുന്നതിനും കാരണമായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ദുരന്തം ജനങ്ങളെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
5. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ
തുടര്‍ച്ചയായി സംഭവിക്കുന്ന പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചതും യുവാക്കള്‍ക്കിടയില്‍ അതൃപ്തി വര്‍ദ്ധിക്കുന്നതിന് കാരണമായിത്തീര്‍ന്നു. ഇത് സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയും വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു.
6. വികസനമില്ലാത്ത ഗ്രാമപ്രദേശങ്ങള്‍
സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ വികസനം എങ്ങുമെത്തിയിട്ടില്ലെന്ന ആരോപണം ശക്തമാണ്. അടിസ്ഥാന വിദ്യാഭ്യാസ- ആരോഗ്യ സംവിധാനങ്ങള്‍ മോശം നിലയിലാണ്. ആവശ്യത്തിന് ക്ലാസ് മുറികള്‍ നിര്‍മിച്ചാല്‍ അധ്യാപകരില്ലാത്തതും അധ്യാപകരെ നിയമിച്ചാല്‍ ക്ലാസ് മുറി ഇല്ലാത്തതുമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ ആവശ്യത്തിന് ഡോക്ടര്‍മാരോ ഇല്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
7. കര്‍ഷകര്‍ക്കിടയിലെ രോഷം
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മഴക്കെടുതിയില്‍ വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍ രംഗത്ത് എത്തുകയും ചെയ്തു. കര്‍ഷക രോഷം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യ ഉറപ്പാണ്.
8. നിലവാരമില്ലാത്ത റോഡുകള്‍
ഗുജറാത്ത് മോഡല്‍ വികസനമെന്ന ബിജെപിയുടെ അവകാശവാദത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു മികച്ച റോഡുകള്‍. കഴിഞ്ഞ ആറു വര്‍ഷമായി നല്ല റോഡുകള്‍ നിര്‍മിക്കുന്നതിനോ പഴയ റോഡുകള്‍ പരിപാലിക്കുന്നതിനോ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് നിരത്തിലെവിടെയും.
9. വര്‍ധിച്ച വൈദ്യുതി നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. അതുകൊണ്ട് തന്നെ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന ആംആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും വാഗ്ദാനങ്ങള്‍ ജനങ്ങള്‍ സന്തോഷത്തോടെ മുഖവിലയ്ക്ക് എടുക്കുന്നുണ്ട്. മഹാരാഷ്ട്രയിലും തെലങ്കാനയിലും യൂണിറ്റിന് നാലു രൂപ നിരക്കാണെങ്കില്‍ യൂണിറ്റിന് 7.50 രൂപയാണ് ഗുജറാത്തില്‍ നല്‍കേണ്ടി വരുന്നത്. വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന് സതേണ്‍ ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടിരുന്നു.
10. ഭൂമി പിടിച്ചെടുക്കല്‍
വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്ന പേരില്‍ വലിയ തോതില്‍ ഭൂമി പിടിച്ചെടുക്കുന്നത് കര്‍ഷകര്‍ക്കും ഭൂവുടകള്‍ക്കും ഇടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അഹമ്മദാബാദ്- ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ രംഗത്ത് എത്തിയിരുന്നു.