''നൽകിയത് നിയമപരമായ ശിക്ഷ മാത്രം, ലോക്‌സഭയില്‍ നിന്നുള്ള അയോഗ്യത തീരാ നഷ്ടമല്ല''; രാഹുലിന്റെ അപ്പീലിൽ കോടതിവിധി ഇങ്ങനെ

''നൽകിയത് നിയമപരമായ ശിക്ഷ മാത്രം, ലോക്‌സഭയില്‍ നിന്നുള്ള അയോഗ്യത തീരാ നഷ്ടമല്ല''; രാഹുലിന്റെ അപ്പീലിൽ കോടതിവിധി ഇങ്ങനെ

സൂറത്ത് മാജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി
Updated on
2 min read

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് മാജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയതോടെ നിയമ പോരാട്ടം ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. ബിജെപി നേതാവ് പൂര്‍ണേഷ് മോദിയുടെ പരാതിയിലായിരുന്നു സൂറത്ത് സിജെഎം കോടതി രാഹുല്‍ കുറ്റക്കാരനെന്ന് വിധിച്ചത്. ക്രിമിനല്‍ മാനഷ്ടക്കേസില്‍ പരമാവധി ശിക്ഷ വിധിച്ചതും കര്‍ണാടകയിലെ പ്രസംഗത്തിന് ഗുജറാത്തില്‍ കേസെടുത്തതും മോദി പരാമര്‍ശം സമുദായ വിമര്‍ശനമല്ലെന്നുമടക്കമുള്ള വാദങ്ങളാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ചത്. രാഹുലിന്‌റെ വാദം പക്ഷേ, സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് റോബിന്‍ മൊഗേറ അംഗീകരിച്ചില്ല.

കുറ്റക്കാരന്‍ സാധാരണക്കാരനല്ലെന്നും എംപിയായിരിക്കെയാണ് പരാമര്‍ശമെന്നും സാധാരണക്കാരന്‌റെ മനസില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിന്‌റെ വാക്കുകള്‍ക്കാകുമെന്നും കോടതി വ്യക്തമാക്കി

അപ്പീല്‍ തള്ളാന്‍ കോടതി മുന്നോട്ടുവച്ച പ്രധാന കാരണങ്ങള്‍ ഇവയാണ്

പൂര്‍ണേഷ് മോദിയുടെ പരാതി നിലനില്‍ക്കും

താന്‍ വിമര്‍ശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്നും വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമേ മാനനഷ്ടക്കേസ് ഫയല്‍ചെയ്യാനാകൂ എന്നുമാണ് കോടതിയില്‍ രാഹുല്‍ പറഞ്ഞത്. ഈ വാദം സൂറത്ത് സെഷന്‍സ് കോടതി അംഗീകരിച്ചില്ല. പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പൊതുമധ്യത്തില്‍ രാഹുല്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നും പിന്നാലെ മോദി എന്ന പേരുകാരെ കള്ളന്മാരുമായി താരതമ്യം ചെയ്‌തെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മോദി എന്ന പേരുകാരെ ഈ പരാമര്‍ശം പൊതുവില്‍ അപമാനിക്കുന്നുവെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരന്‍ മുന്‍മന്ത്രിയാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്‌റെ പൊതു ജിവിതത്തെയും യശസിനേയും പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ പരാതി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ പൂര്‍ണേഷ് മോദിക്ക് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.

Attachment
PDF
Rahul_Gandhi_vs_Purnesh_Modi order.pdf
Preview

വിചാരണ നീതിയുക്തം

വിചാരണാ കോടതി നീതിയുക്തമായല്ല പ്രവര്‍ത്തിച്ചതെന്ന രാഹുലിന്‌റെ വാദവും കോടതി അംഗീകരിച്ചില്ല. എല്ലാ സാക്ഷികളെയും ക്രോസ് വിസ്താരം ചെയ്യാന്‍ രാഹുലിന് അവസരം ലഭിച്ചിരുന്നെന്നും അത് രേഖകളില്‍ നിന്ന് വ്യക്തമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. നിയമമനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കിയെന്നും ഇത് കേട്ടുകേള്‍വിയില്ലാത്തതെന്നുമുള്ള രാഹുലിന്‌റെ വാദവും കോടതി ഖണ്ഡിച്ചു. നിയമം അനുശാസിക്കുന്ന ശിക്ഷമാത്രമാണ് നല്‍കിയതെന്ന് കോടതി വ്യക്തമാക്കി. ''കുറ്റക്കാരന്‍ സാധാരണക്കാരനല്ലെന്നും എംപിയായിരിക്കെയാണ് പരാമര്‍ശമെന്നും നിരീക്ഷിക്കുന്നത് പ്രസക്തമാണ്. സാധാരണക്കാരന്‌റെ മനസില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിന്‌റെ വാക്കുകള്‍ക്കാകും.''- കോടതി വ്യക്തമാക്കി.

''നൽകിയത് നിയമപരമായ ശിക്ഷ മാത്രം, ലോക്‌സഭയില്‍ നിന്നുള്ള അയോഗ്യത തീരാ നഷ്ടമല്ല''; രാഹുലിന്റെ അപ്പീലിൽ കോടതിവിധി ഇങ്ങനെ
രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് മുന്നിൽ ഇനി രണ്ട് കോടതികൾ, വയനാട്ടിൽ ഉടൻ തിരഞ്ഞെടുപ്പോ?

'ലോക്‌സഭയില്‍ നിന്നുള്ള അയോഗ്യത, തിരിച്ചെടുക്കാനാകാത്ത നഷ്ടമല്ല'

ശിക്ഷിക്കപ്പെട്ടു എന്ന കാരണത്താല്‍ ജോലി നഷ്ടമാകുന്നത് മേല്‍ക്കോടതി ശിക്ഷ റദ്ദാക്കാനുള്ള കാരണമല്ലെന്ന, ഗുജറാത്ത് ഹൈക്കോടതിയുടെ മുന്‍ വിധി ചൂണ്ടിക്കാട്ടിയാണ് അയോഗ്യത വലിയ നഷ്ടമല്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി പറഞ്ഞത്. ''എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത രാഹുലിന് തീരാനഷ്ടമോ, ഹാനിയോ ആയി കാണാനാകില്ല''- ഉത്തരവ് പറയുന്നു. ശിക്ഷ സ്റ്റേ ചെയ്യാതിരിക്കുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നതും തന്നെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ലെന്നും കോടതി വ്യക്തമാക്കി.

അപ്പീലിന്മേല്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനുള്ള സിആര്‍പിസി 389 പ്രകാരമുള്ള അധികാരം വിവേചനപൂര്‍വം ഉപയോഗിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സാധാരണമായും യാന്ത്രികമായും ഈ വകുപ്പ് ഉപയോഗിച്ചാല്‍ അത് നിയമവ്യവസ്ഥയോട് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കോടതി അടിവരയിട്ടു.

logo
The Fourth
www.thefourthnews.in