മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'നുണകളുടെ രാഷ്ട്രീയത്തെ ചെറുക്കും'; കോണ്‍ഗ്രസില്‍ ഇനി ഖാര്‍ഗെ യുഗം

ഖാര്‍ഗെ അനുഭവ സമ്പത്തുള്ള നേതാവാണെന്നും പാര്‍ട്ടി കൂടുതല്‍ ശക്തപ്പെടുമെന്നും സോണിയാ ഗാന്ധി കൂട്ടിചേര്‍ത്തു
Updated on
2 min read

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. ഡല്‍ഹിയിലെ 24-അക്ബര്‍ റോഡിലുള്ള എഐസിസി ആസ്ഥാന മന്ദിര വളപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ വച്ചായിരുന്നു സ്ഥാനാരോഹണം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തിരഞ്ഞെടുപ്പ് സാക്ഷ്യപത്രം കൈമാറി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂരിനെ 1072 നെതിരെ 7,897 വോട്ടുകൾ പരാജയപ്പെടുത്തിയാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് 22 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസിന് ഒരു അധ്യക്ഷനുണ്ടാകുന്നത്. ജനാധിപത്യപരമായി വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാതൃകയായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങളിലെ സംഘടന ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും ഉദയ്പൂര്‍ പ്രഖ്യാപനത്തടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുമെന്നും ഖാര്‍ഗെ ഉറപ്പു നല്‍കി

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായ തനിക്ക് ഇത്രയും വലിയ പദവി നല്‍കിയതിന് നന്ദിയുണ്ടെന്നും, അഭിമാന നിമിഷമാണിതെന്നായിരുന്നു സ്ഥാനം ഏറ്റെടുത്തുകൊണ്ടുള്ള ഖാര്‍ഗെയുടെ പ്രതികരണം. തന്റെ നയം സമവായവും കൂടിയാലോചനയുമായിരിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി പ്രവര്‍ത്തര്‍ക്ക് ഒപ്പം നില്‍ക്കും. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരിലെ തീരുമാനങ്ങള്‍ നടപ്പാക്കും. ഭരണഘടനയ്ക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി രൂപീകരിക്കും. തിരഞ്ഞെടുപ്പുകള്‍ നേരിടാന്‍ പ്രത്യേക സമിതിയും രൂപീകരിക്കും. സംസ്ഥാനങ്ങളിലെ സംഘടന ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുമെന്നും ഖാര്‍ഗെ ഉറപ്പു നല്‍കി.

രാജ്യത്ത് നിലനില്‍ക്കുന്ന നുണകളുടെ രാഷ്ട്രീയത്തെ ചെറുക്കും, കോണ്‍ഗ്രസ് മുക്ത രാജ്യം ഉണ്ടാകാന്‍ ഒരിക്കലും ഉണ്ടാകാന്‍ അനുവദിക്കില്ല. ഭാരത് ജോഡോ യാത്രയുടെ ഊര്‍ജം പാഴാകില്ലെന്നും രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഖാര്‍ഗെ അനുഭവ സമ്പത്തുള്ള നേതാവാണെന്നും പാര്‍ട്ടി കൂടൂതല്‍ ശക്തപ്പെടുമെന്നും പുതിയ അധ്യക്ഷന് ആശംസകള്‍ അറിയിച്ച് സോണിയാ ഗാന്ധി കൂട്ടിചേര്‍ത്തു. മാറ്റമാണ് ലോകത്തിന്റെ നിയമം എന്ന പരാമര്‍ശത്തോടെ ആയിരുന്നു സോണിയയുടെ പ്രസംഗം. പലകാലങ്ങളിലായി കോണ്‍ഗ്രസ് ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. പ്രശ്നങ്ങളെ നമ്മള്‍ അതിജീവിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും സോണിയ ഗാന്ധി പ്രതികരിച്ചു.

80കാരനായ ഖാര്‍ഗെയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലിവിളികൾ ഏറെയാണ്

അതേസമയം, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ അധ്യക്ഷ പദവിയില്‍ 80കാരനായ ഖാര്‍ഗെയെ കാത്തിരിക്കുന്നത് വലിയ വെല്ലിവിളികളാണ്. ലോക്സഭാ ഇലക്ഷന് മുന്നോടിയായി 11 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിലെത്താനായില്ലെങ്കിലും സ്വാധീന സ്ഥലങ്ങളിലെങ്കിലും ശക്തി തെളിയിക്കണം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക എന്നത് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള വലിയൊരു വെല്ലുവിളി തന്നെയാണ്.

logo
The Fourth
www.thefourthnews.in