മോദിയെ വിമർശിച്ച് സ്വാതന്ത്ര്യദിന സന്ദേശം; ചെങ്കോട്ടയിലെ  ആഘോഷത്തിൽനിന്ന് വിട്ടുനിന്ന് മല്ലികാർജുൻ ഖാർഗെ

മോദിയെ വിമർശിച്ച് സ്വാതന്ത്ര്യദിന സന്ദേശം; ചെങ്കോട്ടയിലെ ആഘോഷത്തിൽനിന്ന് വിട്ടുനിന്ന് മല്ലികാർജുൻ ഖാർഗെ

"മഹാന്മാരായ നേതാക്കൾ പുതിയ ചരിത്രം സൃഷ്ടിക്കാൻ മുൻകാല ചരിത്രം മായ്ക്കാറില്ല"- ഖാർഗെ
Updated on
1 min read

രാജ്യതലസ്ഥാനത്ത് നടന്ന 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന് വിട്ടുനിന്ന് കോൺഗ്രസ് അധ്യക്ഷൻ. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ മല്ലികാർജുൻ ഖാർഗേയ്ക്കായി റിസർവ് ചെയ്ത കസേര ഒഴിഞ്ഞുതന്നെ കിടന്നു. അദ്ദേഹത്തിന് സുഖമില്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. എന്നാൽ എക്സില്‍ പോസ്റ്റ് ചെയ്ത സ്വാതന്ത്ര്യദിന വീഡിയോ സന്ദേശത്തില്‍ അദ്ദേഹം മോദിയെ പരോക്ഷമായി വിമർശിച്ചു.

കോൺഗ്രസ് അധ്യക്ഷൻ പങ്കുവച്ച സന്ദേശത്തിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, രാജേന്ദ്ര പ്രസാദ്, സരോജിനി നായിഡു, ബിആർ അംബേദ്കർ തുടങ്ങിയ സ്വാതന്ത്ര്യ സമരനേതാക്കൾക്ക് ഖാർഗെ ആദരാഞ്ജലി അർപ്പിച്ചു. പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്രു, മറ്റ് കോൺഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, രാജിവ് ഗാന്ധി, പി വി നരസിംഹ റാവു എന്നിവരുടെ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു. ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയേയും അദ്ദേഹം പരാമർശിച്ചു.

എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലാണ് ഇന്ത്യ പുരോഗതി കൈവരിച്ചതെന്ന് പറയാനാണ് ചിലർ ശ്രമിക്കുന്നതെന്നും മോദിയെ ഉന്നംവച്ച് അദ്ദേഹം കുറ്റപ്പെടുത്തി.

"അടൽ ബിഹാരി വാജ്‌പേയ് ഉൾപ്പെടെ എല്ലാ പ്രധാനമന്ത്രിമാരും രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുകയും വികസനത്തിനായി നിരവധി നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണ് എന്ന് ഞാൻ വേദനയോടെ പറയുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി റെയ്ഡുകൾ എന്നിവ മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുർബലപ്പെടുത്തുന്നു. പ്രതിപക്ഷ എംപിമാരുടെ വായ് മൂടിക്കെട്ടുന്നു, സസ്‌പെൻഡ് ചെയ്യുന്നു, മൈക്കുകൾ നിശബ്ദമാക്കുന്നു, പ്രസംഗങ്ങൾ റദ്ദ് ചെയ്യുന്നു" വീഡിയോ സന്ദേശത്തിൽ ഖാർഗെ പറയുന്നു.

മോദി സ്ഥിരം ഉപയോഗിക്കാറുള്ള 'ആത്മനിർഭർ ഭാരത്' കൈവരിക്കാൻ ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ഇന്ദിര ഗാന്ധിയുടെയും ഭരണമാണ് സഹായിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ കല, സംസ്കാരം, സാഹിത്യം എന്നിവയെ പ്രോത്സാഹിപ്പിച്ചത് നെഹ്രുവാണ്. മഹാന്മാരായ നേതാക്കൾ പുതിയ ചരിത്രം സൃഷ്ടിക്കാൻ മുൻകാല ചരിത്രം മായ്ക്കാറില്ല. അങ്ങനെ മായ്ക്കുന്നവർ എല്ലാം പുനർനാമകരണം ചെയ്യുന്നു. അവർ മുൻകാല പദ്ധതികളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും പേരുകൾ മാറ്റുന്നു. തങ്ങളുടെ സ്വേച്ഛാധിപത്യ വഴികളിലൂടെ ജനാധിപത്യത്തെ കീറിമുറിക്കുന്നു. രാജ്യത്ത് സമാധാനം സ്ഥാപിക്കുന്ന നിയമങ്ങളുടെ പഴയ പേര് മാറ്റുകയാണ്. ആദ്യം അവർ പറഞ്ഞു 'അച്ഛേ ദിൻ', പിന്നെ പുതിയ ഇന്ത്യ, ഇപ്പോൾ അമൃത് കാൽ. പരാജയങ്ങൾ മറച്ചുവയ്ക്കാനല്ലേ പേരുമാറ്റുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എക്‌സിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു."എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാവ്! എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ," എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

logo
The Fourth
www.thefourthnews.in