ഗെഹ്ലോട്ടിനേയും സച്ചിനേയും ഒന്നിപ്പിക്കാനാകുമോ? കര്‍ണാടകയിലെ തന്ത്രം രാജസ്ഥാനിലും പ്രയോഗിക്കാൻ കോൺഗ്രസ് നേതൃത്വം
രാജസ്ഥാൻ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായും സച്ചിന്‍ പൈലറ്റുമായും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ ഇരുവരേയും വെവ്വേറെയായിരിക്കും ഖാര്‍ഗെ കാണുക.
വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിരുന്നു. അഴിമതികള്‍ക്കെതിരെ 15 ദിവസത്തിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നായിരുന്നു സച്ചിന്റെ മുന്നറിയിപ്പ്. മുൻ സര്‍ക്കാരിന്റെ അഴിമതി വിഷയത്തിലാണെങ്കിൽ കൂടി സച്ചിൻ പൈലറ്റ് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വലിയ തിരിച്ചടിയാകും രാജസ്ഥാനിൽ കോണ്‍ഗ്രസിനുണ്ടാക്കുക.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒന്നിച്ചു കൊണ്ടുവരേണ്ടതുണ്ട്. ഇതിനായാണ് ഇരുവരേയും ഖാര്‍ഗെ പ്രത്യേകം കാണുന്നത്. സിദ്ധരാമയ്യെയും ഡി കെ ശിവകുമാറിനെയും അനുനയിപ്പിച്ച് കര്‍ണാടകയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഖാര്‍ഗെയ്ക്ക് സാധിച്ചിരുന്നു. അതേരീതിയില്‍ രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകളില്‍ നടപടിയെടുക്കുന്നതിൽ ഗെഹ്ലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ ജൻ സംഘര്‍ഷ് യാത്രയാണ് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നത്. ''ഞാന്‍ എന്റെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയല്ല, അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ അഴിമതിക്കെതിരെ സീറോ ടോളറന്‍സ് വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഈ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തിയില്ല'' -എന്നായിരുന്നു സച്ചിൻ വ്യക്തമാക്കിയത്.
അശോക് ഗെഹ്‌ലോട്ടിന് ബിജെപി നേതാക്കളുമായി രഹസ്യധാരണയുണ്ടെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചിരുന്നു. സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്‌ലോട്ടിന്റെ നേതാവെന്ന് തോന്നുന്നുവെന്നും മുൻ ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി. തന്റെ സർക്കാർ അട്ടിമറിക്കപ്പെടുന്നതിൽനിന്ന് സംരക്ഷിച്ച് നിർത്താൻ വസുന്ധര രാജെയുടെ സഹായം ലഭിച്ചുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞതിന് പിന്നാലെയായിരുന്നു സച്ചിന്റെ പ്രസ്താവന
നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ഹൈക്കമാൻഡ് പദ്ധതി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ തന്നെ മികച്ച ആസൂത്രണത്തോടെ മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.