ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ആരോപണത്തിന് പിന്നാലെ ജാർഖണ്ഡുമായുള്ള അതിർത്തി മൂന്ന് ദിവസത്തേക്ക് അടയ്ക്കാനും ബംഗാൾ മുഖ്യമന്ത്രി വ്യാഴാഴ്ച ഉത്തരവിട്ടു
Updated on
1 min read

പശ്ചിമ ബംഗാളിലെ വെള്ളപ്പൊക്കത്തിന് കാരണക്കാർ ജാർഖണ്ഡെന്ന് ആരോപിച്ച് മമത ബാനർജി. ആരോപണത്തിന് പിന്നാലെ ജാർഖണ്ഡുമായുള്ള അതിർത്തി മൂന്ന് ദിവസത്തേക്ക് അടയ്ക്കാനും ബംഗാൾ മുഖ്യമന്ത്രി വ്യാഴാഴ്ച ഉത്തരവിട്ടു. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിന് കാരണക്കാർ ദാമോദർ വാലി കോർപറേഷനും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ആണെന്നാണ് മമത ബാനർജിയുടെ ആരോപണം.

പശ്ചിമ ബംഗാളിൽ വെള്ളപ്പൊക്കത്തിന് കാരണം തുടർച്ചയായി 4-5 ദിവസം പെയ്ത മഴയല്ല, ദാമോദർ വാലി കോർപറേഷൻ (ഡിവിസി) അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതാണ് എന്നാണ് മമത ബാനർജി പറയുന്നത്. ഡിവിസി ചെയർമാനെ നേരിട്ട് വിളിച്ച് സഹായമഭ്യർഥിച്ചിരുന്നു. എന്നാൽ 5.5 ലക്ഷം കുസെക്സ് വെള്ളം അവർ തുറന്നുവിട്ടു. അതാണ് തെക്കൻ ബംഗാളിലെ 11 ജില്ലകളിലാകെ വെള്ളപ്പൊക്കം ഉണ്ടാക്കിയത്. ഡി വി സിക്ക് ജാർഖണ്ഡിനോടാണ് കൂടുതൽ ചായ്‍വെന്നും മമത പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് ദാമോദർ വാലി പ്രോജക്ട്. ബംഗാളിലെയും ജാർഖണ്ഡിലെയും ദാമോദർ നദിയിലെ അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന ഒരു നിയമപരമായ പൊതുമേഖലാ സ്ഥാപനമാണിത്. പക്ഷേ അവർ ബംഗാളിനെ അപകടത്തിലാക്കുകയും ജാർഖണ്ഡിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാൻ വേണ്ടി വെള്ളം തുറന്നുവിടുകയും ചെയ്തിട്ടുണ്ടെന്നാണ് മമതയുടെ പ്രധാന ആരോപണം. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.

വടക്കൻ ബംഗാളിൽ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽനിന്ന് എത്തിയ വെള്ളവും തെക്കൻ ബംഗാളിൽ ജാർഖണ്ഡിൽനിന്നെത്തിയ വെള്ളവുമാണ് വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും മമത അവകാശപ്പെട്ടു. ബംഗാളിൽ ഡിവിസി മനുഷ്യനിർമിത വെള്ളപ്പൊക്കം ഉണ്ടാക്കിയെന്നും അവരുമായുള്ള എല്ലാ സഹകരങ്ങൾ അവസാനിപ്പിക്കുമെന്നും മമത ഭീഷണിപ്പെടുത്തി.

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം
കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: ബംഗാൾ സർക്കാരിന് സുപ്രീംകോടതി വിമർശനം, ഇരയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കാനും നിർദേശം

ഡിവിസി അണക്കെട്ടുകളിൽ ഡ്രഡ്ജിങ് നടത്തുന്നതിൽ ഹേമന്ത് സോറൻ സർക്കാർ പരാജയപ്പെട്ടുവെന്നും മമത ബാനർജി കുറ്റപ്പെടുത്തി. വെള്ളപ്പൊക്ക സാഹചര്യം നിരീക്ഷിക്കുന്നതിനായി മമത ബാനർജി പുർബ മേദിനിപുർ ജില്ലയിലെ പാൻസ്‌കുരയിലും ഹൗറ ജില്ലയിലെ ഉദയ്‌നാരായൺപൂരിലും സന്ദർശിച്ചിരുന്നു.

അതേസമയം, മമതയുടെ ആരോപണങ്ങൾ യുക്തിരഹിതമാണെന്ന് ജെ എം എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പ്രതികരിച്ചു. ബംഗാളിലേക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് ചരക്കുകളും കൊണ്ടുപോകുന്ന എല്ലാ ചരക്ക് ലോറികളും തടയുമെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in