മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി? പേര് നിര്‍ദേശിച്ച് മമത
'ഇന്ത്യ' മുന്നണി യോഗത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ച് തൃണമൂൽ നേതാവ് മമത ബാനർജി. ഡൽഹിയിൽ നടന്ന 'ഇന്ത്യ' സഖ്യത്തിന്റെ നാലാം യോഗത്തിലാണ് മമതയുടെ നിർദേശം. മുതിർന്ന കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖാർഗെ പദവിക്ക് എന്ത്കൊണ്ടും അനുയോജ്യനായിരിക്കുമെന്നും മമത പറഞ്ഞു.
പ്രതിപക്ഷത്തെ ദളിത് മുഖമായ ഖാർഗെയെ പ്രധാനമന്ത്രിയാക്കാനുള്ള നിർദേശത്തിന് വലിയ അംഗീകാരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പന്ത്രണ്ട് കക്ഷികൾ ആശയത്തെ പിന്തുണച്ചിട്ടുണ്ട്. "ഇത് രാജ്യത്തെ ആദ്യത്തെ ദളിത് പ്രധാനമന്ത്രിയാകാനുള്ള അവസരമാണ്" കെജ്‌രിവാൾ പറഞ്ഞതായി സ്രോതസുകൾ വ്യക്തമാക്കി. എന്നാൽ ഏത് സാഹചര്യത്തിലാണ് മമത ഈ പരാമർശം നടത്തിയതെന്ന് വ്യക്തമല്ല.
എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യം വിജയിക്കുന്നതിനാണ് മുൻഗണന എന്നും മറ്റെല്ലാ കാര്യങ്ങളും അതിന് ശേഷം തീരുമാനിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. അരികുവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ഖാർഗെ വ്യക്തമാക്കിയിട്ടുണ്ട്. "ഞങ്ങൾ ആദ്യം വിജയിക്കണം, വിജയിക്കാൻ എന്തുചെയ്യണമെന്ന് ചിന്തിക്കുക. എംപിമാർ ഉണ്ടാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ട് എന്ത് കാര്യം. ഞങ്ങൾ ഒരുമിച്ച് ഭൂരിപക്ഷം നേടാൻ ശ്രമിക്കും," മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സീറ്റ് വിഭജനം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ഒരു സംയുക്ത പ്രചാരണ ബ്ലൂപ്രിന്റ് തയ്യാറാക്കുകയും ചെയ്തു. സംസ്ഥാനങ്ങളിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച തർക്ക വിഷയം സംസ്ഥാന തലത്തിൽ തന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പരിഹരിക്കപ്പെട്ടില്ലെങ്കിൽ കേന്ദ്രം ഇടപെടും. പഞ്ചാബ് പോലുള്ള ചില സംസ്ഥാനങ്ങളിലെ പാർട്ടികൾ തമ്മിലുള്ള സംഘർഷങ്ങൾ പിന്നീട് പരിഹരിക്കും.
പ്രതിപക്ഷ സഖ്യം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സീറ്റ് വിഭജനത്തിന്റെ അന്തിമ രൂപം ഉടൻ ഉണ്ടാകും. എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ സഖ്യം ഡിസംബർ 22 ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇന്ത്യൻ യോഗത്തിന്റെ സമാപനത്തിന് ശേഷം ഖാർഗെ പറഞ്ഞു.