മമത അയയുന്നു; കോൺഗ്രസിന് ശക്തിയുള്ളിടത്ത് പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

മമത അയയുന്നു; കോൺഗ്രസിന് ശക്തിയുള്ളിടത്ത് പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികൾക്ക് നിർണായക പങ്കുണ്ടെന്നും മമത
Updated on
1 min read

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ വമ്പിച്ച വിജയത്തിന് പിന്നാലെ, കോൺഗ്രസിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. കോൺഗ്രസിനോടുള്ള നിലപാട് മമത മയപ്പെടുത്തുന്ന കാഴ്ചയാണ് കർണാടകയിലെ കോൺ​ഗ്രസ് വിജയത്തിന് പിന്നാലെ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസിന് ശക്തിയുള്ളിടത്ത് പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നാണ് അവർ ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

"കോൺഗ്രസ് ശക്തമാകുന്നിടത്ത് ഞങ്ങൾ പിന്തുണയ്ക്കാൻ തയ്യാറാണ്, എന്നാൽ നിങ്ങൾ എനിക്കെതിരെ എല്ലാ ദിവസവും പോരാടുകയാണ്. അത് അവസാനിപ്പിക്കണം. പ്രാദേശിക പാർട്ടികളെ കോൺഗ്രസ് പിന്തുണയ്ക്കേണ്ടതുണ്ട്. നിങ്ങൾക്ക് ചിലത് ലഭിക്കണമെങ്കിൽ, ചില പ്രദേശങ്ങളിൽ നിങ്ങൾ എന്തെങ്കിലും ത്യാഗം ചെയ്തേ മതിയാകൂ"- മമത പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികൾക്ക് നിർണായക പങ്കുണ്ടെന്ന് മമത വ്യക്തമാക്കി. പ്രാദേശിക പാർട്ടികൾ ശക്തമാകുന്നിടത്ത് ബിജെപിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും കർണാടക വിധി ബിജെപിക്കെതിരായ വിധിയാണെന്നും അവർ പറഞ്ഞു. രാജ്യത്ത് അതിക്രമങ്ങളാണ് നടക്കുന്നതെന്നും സമ്പദ്‌വ്യവസ്ഥ തകർന്നുവെന്നും പറഞ്ഞ മമത, ഗുസ്തി താരങ്ങളെപ്പോലും ബിജെപി സർക്കാർ വെറുതെവിടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രങ്ങളും മമത മുന്നോട്ട് വയ്ക്കുന്നു. ''പ്രാദേശിക പാർട്ടികൾ അവരുടെ പ്രദേശത്ത് ഒരുമിച്ച് പോരാടണം.ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഡൽഹിയിൽ ആം ആദ്മിയും ബിജെപിക്കെതിരെ പോരാടണം. ബീഹാറിൽ നിതീഷ് കുമാർ, തേജസ്വി യാദവ്, കോൺഗ്രസ് എന്നിവർ ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ അവരുടെ വിഷയത്തിൽ തനിക്ക് തീരുമാനം എടുക്കാൻ കഴിയില്ല''. തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും സൗഹൃദത്തിലാണെന്നും അവർക്ക് ഒരുമിച്ച് പോരാടാൻ കഴിയുമെന്നും മമത സൂചിപ്പിച്ചു. ''യുപിയിൽ അഖിലേഷ് യാദവിന് മുൻഗണന നൽകണം.അവിടെ കോൺഗ്രസ് മത്സരിക്കേണ്ടെന്ന് തീർത്തും പറയില്ല''മമത കൂട്ടിച്ചേർത്തു.

എന്നാൽ, പ്രാദേശിക പാർട്ടികൾ ബിജെപിയെ അവരുടെ ശക്തികേന്ദ്രങ്ങളിൽ നേരിടുമ്പോൾ, കോൺഗ്രസ് സ്വന്തം സീറ്റുകൾ നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മമത ബാനർജി വ്യക്തമാക്കി. കർണാടക ഫലത്തിന് ശേഷം നടത്തിയ മാധ്യമങ്ങളോട് സംസാരിച്ച മമത കർണാടക ജനതയെ അഭിവാദ്യം ചെയ്തു.ബിജെപിയുടെ വിവേചനപരമായ പെരുമാറ്റം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, സാധാരണക്കാർക്കെതിരായ അതിക്രമങ്ങൾ എന്നിവയാണ് കർണാടകയിൽ കോൺ​ഗ്രസിനെ വിജയത്തിലേക്ക് നയിച്ചതെന്നും മമത പറഞ്ഞു.

ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബിജെപി തോൽക്കുമെന്ന് മമത പറഞ്ഞു. അടുത്തിടെ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയും കോൺഗ്രസിൽ നിന്നും വിട്ടുനിൽക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിലപാടിൽ മയം വരുത്തി മമത രംഗത്തെത്തിയിരിക്കുന്നത്. 224 അംഗ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വൻ വിജയം നേടിയത്. ബിജെപി 65 ഉം ജെഡിഎസ് 19 ഉം സീറ്റുകളും നേടി.

logo
The Fourth
www.thefourthnews.in