ദേശീയ പാര്‍ട്ടി പദവി: ബിജെപിയുടെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മമത
തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി നഷ്ടമായതിന് പിന്നാലെ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാർട്ടി പദവി പുനഃസ്ഥാപിക്കാനായി താൻ അമിത് ഷായെ വിളിച്ചതായി തെളിയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മമത പറഞ്ഞു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസായി പാർട്ടി തുടരുമെന്നും മമത വ്യക്തമാക്കി. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.
''തൃണമൂൽ കോൺഗ്രസിന്റെ ദേശീയ പാർട്ടി പദവിയെച്ചൊല്ലി അമിത് ഷായെ വിളിച്ചതായി തെളിഞ്ഞാൽ ഞാൻ രാജിവയ്ക്കും''-മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് 'ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസായി തുടരുമെന്നും ബിജെപിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും മമത കൂട്ടിച്ചേർത്തു. 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റ് കടക്കില്ലെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതക്കെതിരെ ആരോപണവുമായി സുവേന്ദു അധികാരി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ടിഎംസിയുടെ ദേശീയ പാർട്ടി പദവി റദ്ദാക്കിയത് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് മമത അമിത്ഷായെ ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് സുവേന്ദു അധികാരിയുടെ ആരോപണം. ഇതിന് പിന്നാലെ ബിജെപിയും തൃണമൂലും തമ്മില്‍ വാക്‌പോരും ആരംഭിച്ചിരുന്നു.
അതിനിടെ മുകുൾ റോയ് വിഷയത്തിലും മമത പ്രതികരിച്ചു. മുകുൾ റോയ് ബിജെപി എംഎൽഎയാണെന്നും ഡൽഹിയിലേക്ക് പോകണമെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും മമത പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കെതിരെ ബിജെപി നടത്തുന്ന നാടകങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം. കഴിഞ്ഞ ആഴ്ചയാണ് ടിഎംസി, എൻസിപി, സിപിഐ എന്നിവയുടെ ദേശീയ പാർട്ടി പദവി തിരഞ്ഞെുപ്പ് കമ്മീഷൻ എടുത്തുകളഞ്ഞത്. ബംഗാളിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം കുറഞ്ഞതും വോട്ട് വിഹിതത്തില്‍ ഇടിവ് സംഭവിച്ചതുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കന്‍ കാരണം.