ബംഗാളിനു പുറത്തും സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ മമത; പ്രിയങ്കയ്ക്കു പിന്തുണയുമായി വയനാട്ടിലേക്ക്?

ബംഗാളിനു പുറത്തും സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ മമത; പ്രിയങ്കയ്ക്കു പിന്തുണയുമായി വയനാട്ടിലേക്ക്?

പ്രചാരണത്തിനിറങ്ങാന്‍ മമത സമ്മതമറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Updated on
1 min read

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രചാരണത്തിനിറങ്ങാന്‍ മമത സമ്മതമറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ മുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഭിന്നതകളുണ്ടെന്ന ശ്രുതി പരക്കുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ നീക്കം. കോണ്‍ഗ്രസ് നേതാവ് പി ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മമത നിലപാട് അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മമതയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയില്‍ എടുക്കുന്നതിനെതിരേ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്ന ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാജിക്കു പിന്നാലെയാണ് മമതയും നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്. മമതയുടെ താല്‍പര്യം സംരക്ഷിക്കന്‍ അധീര്‍ രഞ്ജനെ സ്ഥാനത്തു നിന്ന് എഐസിസി നീക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അധീര്‍ രഞ്ജന്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് ചിദംബരവും മമതുമായി കൂടിക്കാഴ്ച നടന്നത്. ഇതിനു പിന്നാലെയാണ് വയനാട്ടില്‍ പ്രചാരണത്തിനിറങ്ങാന്‍ മമത സമ്മതമറിയിച്ചത്. പ്രിയങ്കാ ഗാന്ധിയുമായുള്ള നല്ല വ്യക്തിബന്ധവും നിലപാട് മയപ്പെടുത്താന്‍ മമതയെ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പ്രിയങ്കയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നു നേരത്തെ മമത ആവശ്യപ്പെട്ടിരുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു മമത ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് അമേഠിയില്‍ നിന്നു റായ്ബറേലിയിലേക്കു മാറാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ അമേഠിയില്‍ പ്രിയങ്ക മത്സരിക്കണമെന്നും മമത അഭിപ്രായപ്പെട്ടിരുന്നു.

വയനാട് എംപി സ്ഥാനം രാജിവച്ച് രാഹുല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തിയതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ച് പ്രിയങ്കയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 3,64,422 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചത്. പ്രിയങ്ക മത്സരിക്കുന്നതോടെ ഈ ഭൂരിപക്ഷം ഗണ്യമായി ഉയര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മമതയുടെ വരവ് അതിന് സഹായിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ വികല നയങ്ങള്‍ക്കെതിരേ പോരാടിയാണ് മമത സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. സിപിഎം ഭരിക്കുന്ന കേരളത്തില്‍ അവര്‍ക്കെതിരേ മമതയെപ്പോലൊരു ദേശീയ നേതാവ് കടുത്ത വിമര്‍ശനം അഴിച്ചുവിട്ടാല്‍ അത് ഭാവിയില്‍ സംസ്ഥാന കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ പൊളിച്ചു കാട്ടാന്‍ മമതയ്ക്കു കഴിയുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നു.

logo
The Fourth
www.thefourthnews.in