ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ്: ഹൈക്കോടതി ഉത്തരവിനെതിരെ മമത സര്‍ക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയിൽ

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ്: ഹൈക്കോടതി ഉത്തരവിനെതിരെ മമത സര്‍ക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയിൽ

ജൂലായ് എട്ടിന് ഒറ്റ ഘട്ടമായാണ് ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ്
Updated on
1 min read

പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൽക്കത്ത ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനും മമത സർക്കാരും സുപ്രീംകോടതിയിൽ. സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും നിയമവിദഗ്ധരുമായി ചർച്ച നടത്തിയതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനമെടുത്തത്.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 48 മണിക്കൂറിനകം കേന്ദ്രസേനയെ വിന്യസിക്കാൻ വ്യാഴാഴ്ചയാണ് കൽക്കത്ത ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചത്. എല്ലാ ജില്ലകളിലും കേന്ദ്രസേനയെ വിന്യസിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ജൂലൈ എട്ടിനാണ് പശ്ചിമബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട്, അക്രമസംഭവങ്ങളുണ്ടായ എല്ലാ ജില്ലകളിലും സേനയെ വിന്യസിപ്പിക്കാനുളള ഉത്തരവുകൾ പാലിക്കണമെന്നായിരുന്നു നിർദേശം. ഇക്കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ജൂലായ് എട്ടിന് ഒറ്റ ഘട്ടമായാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂലൈ 11 ന് വോട്ടെണ്ണും.

നേരത്തെ, സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സുവേന്ദു അധികാരിയും കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കോടതിയെ സമീപിച്ചിരുന്നു. 2022ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിലും 2021ലെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലുമുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കക്ഷികൾ കോടതിയിൽ ഹർജികൾ സമർപ്പിച്ചത്.

നാമനിർദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി നീട്ടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ഏൽപ്പിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്ത തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രകാരം ജൂൺ 16 ആയിരുന്നു നാമനിർദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി.

നാമനിർദേശ പത്രികാ സമർപ്പണത്തിനിടെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച അക്രമസംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പത്രികാസമര്‍പ്പണം ആരംഭിച്ച ജൂൺ 9 മുതൽ, സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളിൽ അക്രമ സംഭവങ്ങൾ നടപടി തടസ്സപ്പെടുത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നത് തടയാൻ തൃണമൂൽ കോൺ​ഗ്രസ് ശക്തമായ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് ബിജെപി, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in