'നിതീഷുമായി സഹകരിക്കും, ബിജെപി തോൽക്കും' പ്രതിപക്ഷ സഖ്യ സാധ്യത സൂചിപ്പിച്ച് മമത ബാനർജി

'നിതീഷുമായി സഹകരിക്കും, ബിജെപി തോൽക്കും' പ്രതിപക്ഷ സഖ്യ സാധ്യത സൂചിപ്പിച്ച് മമത ബാനർജി

ജനരോഷവും ബിജെപിയുടെ ധിക്കാരവും കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നും മമതാ ബാനര്‍ജി
Updated on
2 min read

ദേശീയ തലത്തിൽ ഐക്യ പ്രതിപക്ഷ മുന്നണിയുണ്ടാക്കാനുള്ള നിതീഷിൻ്റെ നീക്കത്തിൽ നിർണായക പുരോഗതി. അടുത്ത തിരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കാമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി പറഞ്ഞു. നേരത്തെ പ്രതിപക്ഷത്തെ യോജിപ്പിച്ച് നിർത്താൻ ശ്രമിച്ചിരുന്ന മമത ബാനർജി നിതീഷ് ഇപ്പോൾ നടത്തുന്ന നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു.

പ്രതിപക്ഷ മുന്നണിയുണ്ടാക്കാന്‍ താനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഒന്നിച്ചു നില്‍ക്കുമെന്നാണ് മമതാ ബാനര്‍ജി പറഞ്ഞത്. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂൽ കോൺ​ഗ്രസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ജനരോഷവും ബിജെപിയുടെ ധിക്കാരവും കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

'2024 ല്‍ ഞാനും നിതീഷ്‌കുമാറും ഹേമന്ത് സോറനും ഒന്നിച്ചുനില്‍ക്കും. ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിക്കും. നമ്മളെല്ലാം ഒരു വശത്തും ബിജെപി മറുവശത്തുമായിരിക്കും. 300 സീറ്റുകള്‍ നേടാനാവുമെന്നത് ബിജെപിയുടെ വെറും മിഥ്യാ ധാരണയാണ്. 2024 ല്‍ 'ഖേലാ ഹോബെ' ഉണ്ടാകും.' മമത പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ ഇത്തരം കുതന്ത്രങ്ങളുമായി എത്രത്തോളംഅവര്‍ മുന്നോട്ടുപോകുന്നോ അത്രത്തോളം അടുത്ത വര്‍ഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ പരാജയപ്പെടും
മമതാ ബാനര്‍ജി

ജാര്‍ഖണ്ഡില്‍ ബിജെപി നടത്തിയ കുതിരക്കച്ചവടത്തിനെതിരെ തുറന്നടിച്ച മമത കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചു. ബംഗാള്‍ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ഹേമന്ത് സോറന്‍ സർക്കാറിൻ്റെ പതനത്തെ തടഞ്ഞതെന്ന് മമത കൂട്ടിച്ചേർത്തു. ജൂലൈ 30 നാണ് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ പഞ്ച്‌ലയില്‍ ജാര്‍ഖണ്ഡിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗാള്‍ പോലീസ് 49 ലക്ഷത്തോളം രൂപയുമായി അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ആദിവാസി ഉത്സവത്തിന് ആദിവാസികള്‍ക്ക് സാരി വാങ്ങി നല്‍കാനുള്ള പണമാണെന്നതായിരുന്നു എംഎല്‍എമാരുടെ വാദം. എന്നാല്‍ എംഎല്‍എമാര്‍ക്ക് 10 കോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത് ഹേമന്ത് സോറന്‍ സര്‍ക്കാറിനെ താഴെയിറക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്ന് ജാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാറിന്റെ ഭാഗമായ കോണ്‍ഗ്രസ് അവകാശപ്പെട്ടു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ ഇത്തരം കുതന്ത്രങ്ങളുമായി എത്രത്തോളം അവര്‍ മുന്നോട്ടുപോകുന്നോ അത്രത്തോളം അടുത്ത വര്‍ഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ പരാജയപ്പെടുമെന്നും മമത കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ പാര്‍ത്ഥ ചാറ്റര്‍ജി,അനുബ്രത മൊണ്ഡല്‍ എന്നിവരെ വിവിധ കേസുകളിലായി കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതിനെതിരെയും മമത പ്രതികരിച്ചു. തനിക്കും തന്റെ പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രത്യേകിച്ച് ബിജെപിയുടെയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമമെന്നും അവര്‍ ആരോപിച്ചു.

എൻഡിഎ സഖ്യം വിട്ട നിതീഷ് കുമാർ കോൺഗ്രസ്, ഇടതു നേതാക്കളുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ബിജെപിയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ചർച്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in