മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനം ; പ്രതിക്ക് ഐ എസ് ബന്ധമെന്ന് പോലീസ്

മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനം ; പ്രതിക്ക് ഐ എസ് ബന്ധമെന്ന് പോലീസ്

കേരളം ,ബംഗളൂരു, മൈസൂര്‍ , ശിവമോഗ,കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതി നിരന്തരം യാത്ര ചെയ്തിരുന്നതായി പോലീസ്
Updated on
1 min read

മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടന കേസിലെ പ്രതി ശരീഖിനു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് കര്‍ണാടക പോലീസ്. പ്രതി നിരന്തരം സംഘടനയുമായി ബന്ധപ്പെട്ടിരുന്നതായി എഡിജിപി അലോക് കുമാര്‍ ഐപിഎസ് വ്യക്തമാക്കി. ശരീഖ് സ്ഫോടനത്തിനു ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പ്രെഷര്‍ കുക്കറുമായി പോസ് ചെയ്ത ഫോട്ടോയും പോലീസ് പുറത്തു വിട്ടു. ഫോട്ടോയില്‍ പ്രതി ധരിച്ച വേഷം ഐഎസ് തീവ്രവാദികളുടെ വേഷത്തിനു സമാനമാണെന്നും പോലീസ് അവകാശപ്പെട്ടു.

ശരീഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ബോംബ് നിര്‍മാണ സാമഗ്രികളുടെയും മറ്റും ചിത്രങ്ങളും പോലീസ് പുറത്തു വിട്ടു. സ്ഫോടനത്തില്‍ 45 ശതമാനം പൊള്ളലേറ്റ പ്രതി ബംഗളൂരുവില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതിയെ തിരിച്ചറിയുന്നതിനായി ബന്ധുക്കളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. ശരീഖിന്റെ കുടുംബാംഗങ്ങള്‍ ഇയാളെ തിരിച്ചറിഞ്ഞതായും നേരത്തെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസില്‍ ശരീഖ് പ്രതിയായിരുന്നെന്ന് വ്യക്തമായതായും അലോക് കുമാര്‍ ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബറില്‍ ശിവമോഗയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു പിടിയിലായ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ശരീഖ് . കൂട്ടാളികള്‍ പിടിയിലായപ്പോള്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ശിവമോഗയില്‍ നിന്നും ആധാര്‍ കാര്‍ഡ് മോഷ്ടിച്ച ഇയാള്‍ മൈസൂരുവില്‍ എത്തി വാടക വീടെടുത്ത് ബോംബ് നിര്‍മാണം പരിശീലിച്ചു. മോഷ്ടിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കോയമ്പത്തൂരില്‍ നിന്നും സിം കാര്‍ഡുകള്‍ വാങ്ങി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. ബംഗളൂരു, മൈസൂര്‍ , ശിവമോഗ,കോയമ്പത്തൂര്‍ ,കേരളം എന്നിവിടങ്ങളിലേക്ക് പ്രതി നിരന്തരം യാത്ര ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടെയൊക്കെ സ്‌ഫോടനം നടത്താനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ശരീഖിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനു അനുസരിച്ചാകും മൊഴി എടുക്കുക.

ശിവമോഗ സ്‌ഫോടന ശ്രമ കേസില്‍ പ്രതിക്കായി വലവിരിച്ച പോലീസ് ശനിയാഴ്ച നടന്ന ഓട്ടോറിക്ഷ സ്ഫോടനത്തില്‍ പരിക്കേറ്റയാളെ കണ്ടു സംശയം തോന്നിയതോടെ ആയിരുന്നു അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മുഖത്തു പൊള്ളലേറ്റ ശരീഖിനെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത് കേസന്വേഷണത്തില്‍ വഴിത്തിരിവായി. സ്‌ഫോടനത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ ഐ എസ് ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട് .

logo
The Fourth
www.thefourthnews.in