മണിക് സാഹയ്ക്ക് രണ്ടാമൂഴം; ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ത്രിപുര മുഖ്യമന്ത്രിയായി രണ്ടാം തവണയും ബിജെപി നേതാവ് മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മണിക് സാഹ കൂടാതെ എട്ട് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന രത്തൻ ലാൽ നാഥ്, പ്രണജിത് സിംഗ റോയ് എന്നിവരുൾപ്പെടെ നാല് മന്ത്രിമാർ ഇത്തവണയും ത്രിപുര മന്ത്രിസഭയിലുണ്ട്. ബിജെപിയുടെ പട്ടികവർഗ മോർച്ച നേതാവ് ബികാഷ് ദേബർമ്മ, സുധാൻഷു ദാസ്, ടിങ്കു റോയ് എന്നിവർ പുതുതായി സ്ഥാനമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജീനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്ടി) ഒരു മന്ത്രിസ്ഥാനം ലഭിച്ചു. ഐപിഎഫ്ടിയിൽ നിന്നുള്ള ശുക്ല ചരൺ നൗത്തിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് തന്റെ പാർലമെന്ററി സീറ്റ് നിലനിർത്തും, നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ധൻപൂർ അസംബ്ലി സീറ്റ് ഒഴിയുമെന്നും പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടിയ തിപ്ര മോതയ്ക്കായി മൂന്ന് മന്ത്രിസ്ഥാനം മാറ്റിവച്ചതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഗ്രേറ്റർ തിപ്രലാൻഡ് എന്ന ഗോത്രവർഗ പാർട്ടിയുടെ ആവശ്യത്തെച്ചൊല്ലി ബിജെപിയും പാര്‍ട്ടി നേതാവ് പ്രദ്യോത് മാണിക്യ ദെബ്ബർമയും നടത്തിയ ചർച്ചകൾ നേരത്തെ പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണ് ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കൊണ്ടുവന്നത്. ഇത്തവണ മണിക് സാഹയെ കേന്ദ്രമന്ത്രിയാക്കി പകരം പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോൺഗ്രസിൽ നിന്ന് സമീപകാലത്തു ബിജെപിയിലെത്തിയ സാഹയെ മാറ്റണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം വാദിച്ച സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നിരുന്നു. ശേഷം, രണ്ട് ദിവസം മുൻപ് ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി മുഖ്യമന്ത്രി പദത്തിലേക്ക് മണിക് സാഹയുടെ പേര് അംഗീകരിക്കുകയായിരുന്നു.