'ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന ചിന്ത നിരാശനാക്കി': രാജി തീരുമാനത്തിന്റെ കാരണം വ്യക്തമാക്കി ബിരേന്‍ സിങ്
മണിപ്പൂരിലെ ജനങ്ങൾക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് തന്നെ രാജി വയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്. ഇത് തന്നെ നിരാശനാക്കി. എന്നാൽ തനിക്കുള്ള ജന പിന്തുണ ആ തീരുമാനം തെറ്റാണെന്ന് തെളിയിച്ചെന്നും രാജി വയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിച്ചെന്നും ബിരേൻ സിങ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കുകയാണെന്നറിയിച്ച ബിരേൻ സിങ് പിന്നീട് തന്റെ തീരുമാനം പിൻവലിച്ചത്. പിന്നാലെ അനുയായികൾ അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിയെറിയുകയും ചെയ്തു. ' ഈ നിർണായക ഘട്ടത്തിൽ താൻ രാജിവയ്ക്കില്ല' എന്നായിരുന്നു ബിരേൻ സിങ്ങിന്റെ പ്രതികരണം.
''മണിപ്പൂരില്‍ ചിലയിടങ്ങളില്‍ പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കുന്നത് ഞാന്‍ കണാനിടയായി. ബിജെപി ഓഫീസിനെതിരേയും ആക്രമണം അഴിച്ചുവിട്ടു. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിന് വേണ്ടി എന്താണ് ചെയ്തത്, മണിപ്പൂരില്‍ ആളുകള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസം നഷ്ട്ടപ്പെട്ടോ എന്ന ചിന്ത എന്നെ നിരാശനാക്കി. കുറച്ച് ദിവസം മുന്‍പ് ഒരു മാര്‍ക്കറ്റില്‍ വെച്ച് ഒരു ചെറിയ സംഘം എനിക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചു. ഒന്നും അത്ര സുഖകരമായി തോന്നിയില്ല അതുകൊണ്ടാണ് രാജിയെന്ന തീരുമാനത്തിലേക്കെത്തിയത്.'' ബിരേന്‍ സിങ് എന്‍ഐയോട് പറഞ്ഞു.
'ജനങ്ങളുടെ വിശ്വാസമില്ലാത്ത ഒരു നേതാവിന് നേതാവാകാന്‍ കഴിയില്ല. ഞാന്‍ (മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന്) ഇറങ്ങിയതിന് ശേഷം തെരുവില്‍ ഒരു വലിയ ജനക്കൂട്ടം ഉണ്ടായതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ കരഞ്ഞുകൊണ്ട് എന്നിലുള്ള വിശ്വാസം കാണിച്ചു. എനിക്ക് ജന പിന്തുണയില്ലെന്ന ചിന്തകള്‍ തെറ്റാണെന്ന് അത് തെളിയിച്ചു. രാജിവെക്കേണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. ജനങ്ങള്‍ എന്നോട് രാജിവയ്ക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും; അവര്‍ എന്നോട് വേണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല,' ബിരേന്‍ സിങ് പറഞ്ഞു.
വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂര്‍ കഴിഞ്ഞ ദിവസമാണ് ചില രാഷ്ട്രീയ നാടകങ്ങള്‍ക്കു കൂടി വേദിയായത്. ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്നായിരുന്നു ആദ്യം ഉയര്‍ന്ന അഭ്യൂഹങ്ങള്‍. ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണറെ കാണുമെന്നും അറിയിച്ചിരുന്നു. ഇത് രാജിക്കത്ത് കൈമാറാനാണെന്നായിരുന്നു സൂചന. ഗവര്‍ണറുടെ വസതിയിലേക്ക് പോകാന്‍ തുടങ്ങിയ ബിരേന്‍ സിങ്ങിനെ നൂറുകണക്കിന് വനിതകള്‍ ഇംഫാലിലെ വസതിക്ക്പുറത്ത് തടഞ്ഞു. പിന്നാലെ രാജിയില്ലെന്ന പ്രഖ്യാപനത്തോടെ അദ്ദേഹത്തിന്റെ അനുയായികള്‍ രാജികത്ത് കീറിയെറിഞ്ഞു.
രാജിവയ്ക്കാന്‍ ബിരേന്‍ സിങ്ങിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പരസ്പരം കൈകള്‍ കോര്‍ത്തുകൊണ്ടായിരുന്നു ബിരേന്‍ സിങ്ങിന്‍റെ വസതിക്ക് മുന്‍പില്‍ വനിതകളുടെ കൂടിച്ചേരല്‍. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് പുറത്തുവന്ന രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ രാജിക്കത്ത് കീറിയെറിയുകയായിരുന്നു. രാജി സമര്‍പ്പിക്കുന്നുവെന്നും പോയ മാസങ്ങളിലെ സഹകരണത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും നന്ദിയെന്നുമുള്ള രണ്ടുവരി മാത്രമാണ് ഗവര്‍ണറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള, കീറിക്കളഞ്ഞ രാജിക്കത്തിലുള്ളത്.
മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വംശീയ സംഘര്‍ഷം ശമിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ബിരേന്‍ സിംങ് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിധേയനായിരുന്നു. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ 100-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.