മണിപ്പൂര്‍ സംഘര്‍ഷം; സമാധാനം പുനഃസ്ഥാപിക്കാൻ പിന്തുണയ്ക്കണം, സര്‍വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി
മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവരുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനുമായി രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടി മുഖ്യമന്ത്രി ബിരേന്‍ സിങ്. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പാർട്ടികളും പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മണിപ്പൂരില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ അയവ് വരാത്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്. അതേസമയം നാളെ നടക്കാനിരുന്ന നീറ്റ്-യുജിസി പരീക്ഷകൾ മാറ്റി വച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. സംഘർഷ മേഖലകളില്‍ സൈന്യത്തിന്റെ കാവല്‍ തുടരുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിങ് വ്യക്തമാക്കി. എന്നാല്‍ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ വീഴ്ചയുണ്ടായെന്നായിരുന്നു കേന്ദ്രത്തിന്റെ കണ്ടെത്തല്‍. മെയ്റ്റി വിഭാഗത്തെ ഒഴിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കൊല്ലപ്പെട്ടവരെല്ലാം മെയ്റ്റി വിഭാഗത്തില്‍പ്പെട്ടവരാണ്.
അതേസമയം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് എഡിജിപി (ഇന്റലിജന്‍സ്) അശുതോഷ് സിന്‍ഹയെ നിയമിച്ചതായി ഡിജിപി അറിയിച്ചിരുന്നു. സംഘര്‍ഷത്തില്‍ സമയോചിതമായി ഇടപെട്ടതിന്റെ ഫലമായി ചുരാചന്ദ്പൂര്‍, കെപിഐ, മോറെ, കച്ചിംഗ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.